ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലെ ലയനത്തോടെ, ഗ്രൂപ് കേരളത്തിൽ വൻ വിപുലീകരണത്തിനൊരുങ്ങുന്നു. വരുംവർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾ കൂടി കൂട്ടിച്ചേർക്കുന്നതിന് 1,661 കോടിയുടെ അധിക നിക്ഷേപം നടത്താനാണ് പദ്ധതി.
മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ നിലവിൽ 18,400ലധികം ആരോഗ്യപ്രവർത്തകർക്ക് തൊഴിൽ നൽകുന്ന ഗ്രൂപ്, 7,900ഓളം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
ആസ്റ്റർ-ക്വാളിറ്റി കെയർ സംയുക്ത ശൃംഖലക്ക് കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ആസ്റ്റർ മാത്രം കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കുന്ന 454 കിടക്കകളുള്ള ആസ്റ്റർ കാപിറ്റൽ ആശുപത്രിയും ഇതിൽ ഉൾപ്പെടുന്നു. ആസ്റ്റർ കാൻസർ കെയർ സി.എസ്.ആർ ഇനിഷ്യേറ്റിവിന്റെ ഭാഗമായി മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സ സൗകര്യങ്ങൾ സ്ഥാപിക്കുന്ന 120 കോടി ചെലവ് വരുന്ന പദ്ധതിയും നടന്നുവരുന്നുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ പ്രോജക്ട് വയനാട്ടിലെ അത്യാധുനിക ലീനിയർ ആക്സിലറേറ്ററാണ്. ഇതിലൂടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട റേഡിയേഷൻ തെറപ്പി ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.