മാ​സ​പ്പ​ടി കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യ ശേ​ഷം വീ​ണ വി​ജ​യ​ൻ കൊ​ച്ചി ഇ.​ഡി ഓ​ഫി​സി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്നു--ര​തീ​ഷ്​ ഭാ​സ്ക​ർ

വീണയെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകാൻ നോട്ടീസ്

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിനെ 10 മണിക്കൂറിലേറെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വ്യാഴാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.30ഓടെയാണ് അവസാനിച്ചത്. വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് രാത്രി വിട്ടയച്ചത്.

കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്.എഫ്.ഐ.ഒ) നിന്ന് നിർണായക രേഖകൾ ഇ.ഡിക്ക് ബുധനാഴ്ച ലഭിച്ചിരുന്നു. അതിന് പിന്നാലെ വ്യാഴാഴ്ച അടിയന്തരമായി ഇ.ഡി കൊച്ചി ഓഫിസിലേക്ക് വീണയെ വിളിപ്പിക്കുകയായിരുന്നു. നേരത്തെ 29ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും രേഖകൾ ലഭിച്ചതോടെ വ്യാഴാഴ്ച തന്നെ വിളിപ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ടുതവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിലും പിന്നീട് കൊച്ചിയിലെ ഓഫിസിലും നടന്ന ചോദ്യം ചെയ്യലുകളിൽ എട്ടു മണിക്കൂറോളമാണ് ഇ.ഡി വിവരങ്ങൾ ആരാഞ്ഞത്. കൂടാതെ തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ വീണയുടെ ലോക്കർ ഇ.ഡി പരിശോധിച്ചു.

ആദ്യ ചോദ്യം ചെയ്യലിൽ വീണ നൽകിയ ഉത്തരങ്ങളും ഇപ്പോൾ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളും തമ്മിൽ വൈരുധ്യമുണ്ടോ എന്നും മറ്റും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണക്ക് 2016 മുതൽ 2021 വരെ കാലയളവിൽ പ്രതിമാസം എട്ടു ലക്ഷം രൂപ വെച്ച് 2.78 കോടിയും സി.എം.ആർ.എല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു.

എക്സാലോജിക് കമ്പനി നൽകിയ ഐ.ടി സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിലാണ് മാസപ്പടി നൽകിയതെന്നാണ് സി.എം.ആർ.എല്ലും വീണയും പറയുന്നത്. എന്നാൽ, കമ്പനിക്ക് എക്സാലോജിക്കിൽനിന്ന് അത്തരമൊ ഐ.ടി സേവനവും യഥാർഥത്തിൽ ലഭിച്ചില്ലെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് വലിയ വിവാദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വഴിവെച്ചത്.

നേരത്തെ കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ) ഉടമ ശശിധരൻ കർത്ത, സി.എം.ആർ.എൽ സഹോദര സ്ഥാപനങ്ങളുടെ ഡയറക്ടർമാരായ അദ്ദേഹത്തിന്‍റെ ഭാര്യ, മകൾ, മകൻ, കമ്പനിയുടെ ഫിനാൻസ് മാനേജർ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിന്‍റെയെല്ലാം തുടർച്ചയായാണ് വീണയെ ചോദ്യം ചെയ്യുന്നത്. വീണയും സി.എം.ആർ.എല്ലും ഒപ്പുവെച്ച വിവാദ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് ഇ.ഡിക്ക് ലഭിച്ചത്. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായ ഈ രേഖകൾ ഇ.ഡിക്ക് കൈമാറുന്നത് തടയാൻ സി.എം.ആർ.എൽ ശ്രമിച്ചിരുന്നു. അവരുടെ തടസ്സവാദങ്ങൾ തള്ളി രേഖകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ബുധനാഴ്ച ഇ.ഡിക്ക് രേഖകൾ ലഭിച്ചത്. 

Tags:    
News Summary - ED grills Veena Thaikkandiyil for 10+ hours in CMRL-Exalogic monthly pay case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.