കൽപറ്റ: കേരളത്തിലെ മോട്ടോർ വാഹനതൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. ഇതുസംബന്ധിച്ച തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറി എസ്. ഷാനവാസിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം അസാധാണ ഗസറ്റായി സർക്കാർ പ്രസിദ്ധപ്പെടുത്തി. സ്വകാര്യമേഖലയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ തുടങ്ങിയ സംസ്ഥാനത്തെ 12 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഗുണം ലഭിക്കും.
2025 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനവ്. അഞ്ചുവർഷം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഓരോ അഞ്ചു വർഷത്തിനും ഒരു ഇൻക്രിമെന്റ് വീതം (പരമാവധി അഞ്ച് എണ്ണം) ലഭിക്കും. പ്രമോഷൻ ലഭിക്കാത്തവർക്കായി ഹയർ ഗ്രേഡ് വ്യവസ്ഥകളും പുതിയ ഉത്തരവിലുണ്ട്. തൊഴിലാളികളുടെ വിവിധ വിഭാഗങ്ങൾക്കും തൊഴിലുടമകളുടെ കീഴിലുള്ള വാഹനങ്ങളുടെ എണ്ണത്തിനും അനുസരിച്ചാണ് അടിസ്ഥാന ശമ്പളത്തിലെ വർധനവ്. 25ഓ അതിൽ കുറവോ വാഹനങ്ങൾ ഉള്ള തൊഴിലുടമകളാണ് ക്ലാസ് ഒന്നിൽ.
26ഓ അതിൽ കൂടുതലോ വാഹനങ്ങളുള്ള തൊഴിലുടമകളാണ് ക്ലാസ് രണ്ടിൽ. ആദ്യവിഭാഗത്തിൽ 26100 രൂപ മുതൽ 33950 രൂപ വരെയായാണ് തൊഴിലാളികളുടെ ശമ്പളസ്കെയിൽ പുതുക്കിയത്. രണ്ടാം വിഭാഗത്തിൽ 26100 രൂപ മുതൽ 35300 രൂപ വരെയാണ് പുതിയ സ്കെയിൽ. അടിസ്ഥാന ശമ്പളത്തിന് പുറമേ ഓരോ തൊഴിലാളിക്കും ദേശീയ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ 75 പോയന്റുകൾക്ക് മുകളിലുള്ള ഓരോ പോയന്റിനും പ്രതിമാസം 60 രൂപ ക്ഷാമബത്ത നൽകണം. വീട്ടുവാടകയിനത്തിൽ മാസം 750 രൂപയും 250 രൂപ വാഷിങ് അലവൻസും പ്രതിമാസം നൽകണം.
പുതിയ സ്കെയിലിൽ ശമ്പളം നിശ്ചയിക്കുന്നതിന്റെ രീതിയും ഉത്തരവിലുണ്ട്. 2025 ജനുവരി ഒന്നിന് ഒരു ഉടമയുടെയോ സംരംഭത്തിന്റെയോ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയിട്ടില്ലാത്ത തൊഴിലാളിയുടെ പ്രാരംഭ ശമ്പളം പരിഷ്കരിച്ച സ്കെയിലിലെ ഏറ്റവും കുറഞ്ഞ ശമ്പളസ്കെയിലിലാണ് നിജപ്പെടുത്തേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ ഒരു ഉടമക്കോ സംരംഭത്തിനോ കീഴിൽ ഒരു തൊഴിലാളി അഞ്ചോ അതിലധികമോ വർഷം സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അയാൾ പൂർത്തീകരിച്ച ഓരോ അഞ്ച് വർഷ സേവനത്തിനും പരിഷ്കരിച്ച ശമ്പളസ്കെയിലിന്റെ തൊട്ടടുത്ത നിരക്കിൽ ഓരോ ഇൻക്രിമെന്റ് വീതം നൽകണം. പരമാവധി അഞ്ച് ഇൻക്രിമെന്റുകൾ സർവിസ് വെയിറ്റേജായി നൽകി ശമ്പള സ്കെയിൽ നിജപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.