തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ കുറഞ്ഞ നികുതി നിശ്ചയിച്ചതിൽ അതൃപ്തി വീണ്ടും പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ ഈ നിർദേശം കൊണ്ടുവരുംമുമ്പ് പാർട്ടിതലത്തിലും മുന്നണിതലത്തിലും ചർച്ച ചെയ്യുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനബിൽ അവതരിപ്പിക്കുമ്പോൾ ഈ നികുതി നിർദേശം ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ചർച്ച നടത്തി മദ്യനയത്തിന് രൂപം നൽകിയ ശേഷം നികുതി നിർദേശങ്ങൾ കൊണ്ടുവന്നിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. മദ്യവ്യാപനം തടയാനുള്ള നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മദ്യവ്യാപനവും ഉപയോഗവും കുറക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുകയുമാണ് യു.ഡി.എഫ് നയം. ലഹരി വ്യാപനംമൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷമുണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.
മുന്നണിയിൽ വിശദമായ ചർച്ചക്ക് പുറമെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായും ചർച്ച നടത്തണം. ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബജറ്റ് നിർദേശം വെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരുതീരുമാനവും പാടില്ലാത്തതാണ്. വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭ സമ്മേളനത്തിൽതന്നെ പറഞ്ഞെങ്കിൽ ഏറ്റവും നന്നാകുമായിരുന്നു.
നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ട്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ.ഡി.എഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ടുതന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ ഇപ്പോൾ ഉറച്ചുനിൽക്കണം. കരിമണൽ ഖനന നയത്തിലും അവ്യക്തതയുണ്ട്. ഖനനമുണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.