വടക്കഞ്ചേരി: പാലക്കാട്ടെ ചുവപ്പുകോട്ടക്ക് വിള്ളൽ വീഴ്ത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എമ്മിന് വീണ്ടും തിരിച്ചടി. 30 വർഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് ഭരണം പിടിച്ചത്.
സി.പി.എം നടപടിയെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി സി. പ്രസാദ് ആണ് യു.ഡി.എഫിനെ പിന്തുണക്കുക. പിന്തുണക്ക് പകരമായി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും. 179 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുപ്പിൽ പ്രസാദ് വിജയിച്ചത്. വോയ്സ് വടക്കഞ്ചേരി കൂട്ടായ്മയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. കൂട്ടായ്മയുടെ പിന്തുണയിലാണ് യു.ഡി.എഫ് പഞ്ചായത്ത് പിടിച്ചത്.
വടക്കഞ്ചേരി പഞ്ചായത്തിലെ 22 സീറ്റിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് വീതം സീറ്റുകളുണ്ട്. ഇതിൽ യു.ഡി.എഫിന്റെ ഒമ്പതിനൊപ്പം സ്വതന്ത്രൻ പ്രസാദ് കൂടി ചേരുമ്പോൾ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയാകും യു.ഡി.എഫ്. എൻ.ഡി.എക്ക് മൂന്നു സീറ്റുണ്ട്.
2020ൽ കെട്ടിപ്പൊക്കിയ പാലക്കാട്ടെ ചുവപ്പുകോട്ടക്ക് വിള്ളൽ വീഴ്ത്തുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ ജനവിധി. പട്ടാമ്പി, ചിറ്റൂർ തത്തമംഗലം നഗരസഭകൾ ഇടതിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും സി.പി.എമ്മിന്റെ അടിത്തറയിളകി. 183ൽ നിന്ന് 200 സീറ്റുകളായി ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ വർധിച്ചപ്പോൾ എൽ.ഡി.എഫ് സീറ്റുകൾ 146ൽ നിന്ന് 116 സീറ്റുകളായി. മാത്രമല്ല നിലവിൽ ഭരണത്തിലുണ്ടായിരുന്ന മണ്ണാർക്കാടിനും പട്ടാമ്പിക്കും പുറമെ അട്ടപ്പാടിയും യു.ഡി.എഫ് പിടിച്ചെടുത്തു.
ഹാട്രിക് വിജയം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് നിരാശ. വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിൽ അവർക്ക് എത്താനായില്ല. യു.ഡി.എഫ്, എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. പട്ടാമ്പി, ചിറ്റൂർ തത്തമംഗലം നഗരസഭകൾ ഇടതിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. നഗരസഭകളിൽ ബി.ജെ.പി നില മെച്ചപ്പെടുത്തി.
പാലക്കാട്ടെ ചരിത്രത്തിലാദ്യമായി രണ്ടു പഞ്ചായത്തുകൾ ബി.ജെ.പി കൈപ്പിടിയിലൊതുക്കി. ജില്ല പഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫ് കുത്തകയിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞു. എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടില്ലെങ്കിലും 19 സീറ്റ് കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഹാട്രിക് ഭരണം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റിലെത്താതെ 25 വാർഡുകളിൽ വിജയിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
12 സീറ്റിൽ നിന്ന് അഞ്ച് സീറ്റ് വർധിച്ച് 17ൽ യു.ഡി.എഫും ആറ് സീറ്റിൽനിന്ന് എട്ട് സീറ്റിലേക്ക് കുതിച്ച് എൽ.ഡി.എഫും നേട്ടം കൊയ്തു. എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമതരടക്കം മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു. കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയെങ്കിലും കോർപറേഷൻ ഭരണം തുലാസ്സിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.