പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് തീവെട്ടിക്കൊള്ള. കള്ളക്കണക്കുണ്ടാക്കി കോടികൾ തട്ടാൻ അസൂത്രിത നീക്കം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന് മാത്രമാണ് വ്യക്തമാകാനുള്ളത്. ഉത്തരവാദിത്തം ദേവസ്വം ബോർഡിന്റെ തലയിൽ വെച്ച് കൈകഴുകാനാണ് സർക്കാറിന്റെ ശ്രമമെന്ന് മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമാണ്. സ്പെഷൽ കമീഷണര്‍ ഹൈകോടതിയിൽ നൽകിയ വിശദമായ റിപ്പോര്‍ട്ടിൽ ഗുരുതര ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടൽ പറയുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഊരാളുങ്കൽ സൊസൈറ്റിയുടെ സഹസ്ഥാപനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകക്ക് കരാര്‍ നൽകിയത്.
കണക്കുകളിൽ ജി.എസ്.ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നൽകിയതിൽ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ കൃത്യമല്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടുലക്ഷമാണ് ചെലവാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണ്. വി.ഐ.പികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല.
മരാമത്ത് പണികള്‍ നൽകിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. കൈകാര്യ ചെലവായി 10 ശതമാനം അധികതുക ഏകപക്ഷീയമായി കരാറുകാർക്ക് അനുവദിച്ചു. ഇനം തിരിച്ചുള്ള ചെലവ് ഉപകരാർ ഏറ്റെടുത്തവർ നൽകിയില്ല. അതിനാൽ കൃത്യമായ കണക്ക് പരിശോധിക്കാൻ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന്റെ പേരിലും തട്ടിപ്പ്. അയ്യപ്പ സംഗമത്തിന്റെ അന്ന് രാത്രിയിൽ 3000 പേര് ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500ൽ താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്. കുറച്ച് ഭക്ഷണം കുഴിച്ച് മൂടിയെന്ന വിവരവും പുറത്തുവന്നിരുന്നു. സംഗമദിവസം ഉച്ചക്ക് 5000 പേര് കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര് മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പരിപാടിക്ക് ദേവസ്വം ബോർഡ് മുൻകൂർ നൽകിയ രണ്ട് കോടി ഇനിയും തിരിച്ചടച്ചിട്ടില്ല.
ചെലവഴിച്ച തുകയുടെ ജി.എസ്.ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ലെന്നും സ്പെഷൽ കമീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി.എസ്.ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റായി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.