കോഴിക്കോട്: പി.എസ്.സി ലിസ്റ്റിൽനിന്ന് റവന്യൂ വകുപ്പിൽ ഒന്നര വർഷം മുമ്പ് നിയമിതരായ അഞ്ച് ടൈപ്പിസ്റ്റുകളെ ഉടനടി പിരിച്ചുവിട്ട് ജൂലൈ 31ന് അവസാനിച്ച പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്താൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ്. നിയമവിരുദ്ധമായ നടപടിയിലൂടെ, ഒഴിവുവന്ന ക്ലർക്ക് കം ടൈപ്പിസ്റ്റിന്റെ അഞ്ച് ഒഴിവിലേക്ക് ഒന്നരവർഷം മുമ്പ് നിയമനം നടത്തിയതിനെതിരെയാണ് നടപടി.
ജില്ലയിൽ റവന്യൂ വകുപ്പിൽ അഞ്ചുപേരെ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ പി.എസ്.സി മുഖേന നിയമിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ചവർക്ക് തസ്തിക മാറ്റം വഴി എൽ.ഡി ക്ലർക്കായി പിന്നീട് മാറ്റം കിട്ടണമെങ്കിൽ സർവിസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിയണമെന്നാണ് ചട്ടം. ഇതിന്, സർവിസിൽ പ്രവേശിച്ച് ആറ് മാസത്തിനകം ക്ലർക്കായാണോ ടൈപ്പിസ്റ്റ് ആയാണോ സ്ഥിരനിയമനം വേണ്ടത് എന്ന് ഓപ്ഷൻ നൽകണം.
എന്നാൽ, നിയമങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമായി ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ആദ്യത്തെ അഞ്ചുപേരെ കേവലം ആറുമാസം കഴിഞ്ഞപ്പോൾ ക്ലർക്കുമാരായി തസ്തികമാറ്റി നിയമവിരുദ്ധമായി നിയമിച്ചുവെന്നായിരുന്നു പരാതി. ഭരണാനുകൂല യൂനിയൻ അംഗമായ കലക്ടറേറ്റിലെ എ-നാല് വിഭാഗത്തിലെ ക്ലർക്ക് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് അഞ്ച് വനിതകൾക്ക് നിയമനം സംഘടിപ്പിച്ച് നൽകിയെന്ന് ആരോപണമുയർന്നിരുന്നു.
പരാതിക്കാരായ ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കുൾപ്പെടെ ഹരജി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്ന് എൽ.ഡി.സി ലിസ്റ്റിലെ അഞ്ച് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ്, അഞ്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും പുതിയ നിയമനം നടത്താനും ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതോടെ നേരത്തെ നിയമിതരായ അഞ്ച് ഉദ്യോഗാർഥികൾ പുറത്താവും. അനധികൃത നിയമനത്തിന് പിന്നിൽ വലിയ അഴിമതി നടന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.