തിരുവനന്തപുരം: സർപ്രൈസുകൾക്കും അപ്രതീക്ഷിത തിരുത്തലുകൾക്കും രാഷ്ട്രീയ കേന്ദ്രങ്ങളെ ആകാംക്ഷയിലാക്കിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തിന്റെ ഭരണയന്ത്രം തിരിക്കേണ്ട പുതിയ മന്ത്രിസഭയുടെ ചിത്രം ജനസമക്ഷം.
മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ. കേരള കോൺഗ്രസ് ജോസഫിലെ അപു ജോൺ ജോസഫാണ് ചീഫ് വിപ്പ്.മന്ത്രിസഭയിൽ 14 പേർ പുതുമുഖങ്ങളാണ്.
കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12ഉം മുസ്ലിം ലീഗിന് അഞ്ചും കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷികൾ ഓരോ മന്ത്രിമാർ വീതവുമാണ് ലഭിച്ചത്. ചില ഘടകകക്ഷികളുടെ കാര്യത്തിൽ ടേം വ്യവസ്ഥ നിശ്ചയിച്ചെങ്കിലും അത് പിന്നീട് പ്രഖ്യാപിക്കും. അനൂപ് ജേക്കബും മാണി സി. കാപ്പനും ചുമതല വെച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നതായാണ് സൂചന.
അതേസമയം, മുസ്ലിം ലീഗ് ടേം വ്യവസ്ഥയിൽ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിയാകുന്നയാളെ പ്രഖ്യാപിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറയ്ക്കൽ അബ്ദുല്ലയാണ് രണ്ടാം ടേം മന്ത്രി. വകുപ്പുകൾ സംബന്ധിച്ച ഏറെക്കുറെ ധാരണയായെങ്കിലും അന്തിമമായിട്ടില്ല. അവസാനവട്ട ചർച്ചകൾ പുരോഗിക്കുകയാണ്.
സത്യപ്രതിജ്ഞക്ക് ശേഷമാകും ഇക്കാര്യം പ്രഖ്യാപിക്കുക. കോൺഗ്രസിൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിൽനിന്ന് രണ്ടു മന്ത്രിമാരുണ്ടാകുന്നതും ചരിത്രം. 1987ൽ ഭാർഗവി തങ്കപ്പന് ശേഷം ഇതാദ്യമായാണ് വനിത ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കെത്തുന്നത്.
സാമൂഹിക സന്തുലിതാവസ്ഥയും സാമുദായിക പരിഗണനയും ജില്ല പ്രാതിനിധ്യവും സീനിയോറിറ്റിയുമടക്കം വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് കോൺഗ്രസിലെ 63 എം.എൽ.എമാരിൽനിന്ന് മന്ത്രിമാരായ 11 പേരെ അരിച്ചെടുത്ത്.
ആദ്യ രണ്ടു ഘട്ടങ്ങളിലൊന്നും ചർച്ചയിൽ ഇല്ലാതിരുന്നവർ അവസാന നിമിഷം പരിഗണിക്കപ്പെടുകയും ചെയ്തു. ജോസഫ് വിഭാഗം രണ്ടു മന്ത്രിസ്ഥാനങ്ങൾക്ക് അവകാശവാദമുന്നയിച്ചെങ്കിലും ഒടുവിൽ ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയുംകൊണ്ട് തൃപ്തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.