തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രധാന പ്രതികൾക്ക് ജാമ്യമില്ല. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലെ രണ്ടാംപ്രതി സ്റ്റാൻലി ജോണിന് (63) മാത്രം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൂടിയപ്രായം പരിഗണിച്ച് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യത്തിലിറങ്ങിയശേഷം ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാവിലെ ഒമ്പതിനും 11നും ഇടയിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, 50,000 രൂപ കെട്ടിവെക്കണം, അല്ലെങ്കിൽ രണ്ട് ജാമ്യക്കാർ എന്നീ ഉപാധികളോടെയാണ് ജാമ്യം.
കേസിലെ ഒന്നാംപ്രതിയും രണ്ടാംപ്രതിയുടെ മകനുമായ സിബി ജോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നും നാലും പ്രതികളും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകരുമായ ശ്യാംലാൽ, പ്രേംകുമാർ എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2021 ഡിസംബറിൽ നാല് പ്രതികളും ചേർന്ന് ടൈറ്റാനിയത്തിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്തതാണ് ഈ കേസ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യപ്രതി ശ്യാംലാൽ സുഹൃത്തും ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായ ശശികുമാരൻ തമ്പിയുമായി ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് കേസ്. ശശികുമാരൻ തമ്പിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വിവിധ കേസുകളിൽ ദിവ്യ നായർ, അഭിലാഷ്, അനിൽ, ശ്യാംലാൽ, പ്രേംകുമാർ എന്നിവർ ഇതുവരെ അറസ്റ്റിലായി. കമ്പനിയിൽനിന്നുള്ള ചിലരുടെ പിന്തുണയില്ലാതെ തട്ടിപ്പ് നടത്താനാകില്ലെന്നും വൻ ഗൂഢാലോചന നടന്നെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.