കുമളി: നായെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. കുമളി ചെല്ലാർ കോവിൽമെട്ട് വയലിൽ കരോട്ട് സണ്ണിയുടെ ഏലത്തോട്ടത്തിൽ 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് കടുവ വീണത്.
ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കടുവയും നായും ഒരുമിച്ചാണ് കുഴിയിൽ വീണത്. തമിഴ്നാട് അതിർത്തിയിലെ മേഘമല വന്യജീവി സങ്കേതത്തിൽ നിന്നും കാടിറങ്ങിയെത്തിയ ഉദ്ദേശം രണ്ട് വയസ് പ്രായമുള്ള ആൺ കടുവയാണ് കുഴിയിൽ അകപ്പെട്ടത്.
കുഴിയിൽ വീണ നായെ കടുവ ഉപദ്രവിച്ചില്ല. നായുടെ കുരയാണ് കടുവയെ കണ്ടെത്താൻ ഇടയാക്കിയത്. വനപാലക സംഘം മയക്കുവെടിവെച്ച് ഉച്ചക്ക് 1.45 ഓടെ പിടികൂടിയ കടുവയെ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം തുറന്നു വിടുകയായിരുന്നു.
പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ പാണ്ഡ്യൻ തോട് ഭാഗത്താണ് ഞായറാഴ്ച രാത്രി കടുവയെ തുറന്നു വിട്ടത്. നായയെയും വനപാലകർ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.