മുഹമ്മദലി
തിരുവമ്പാടി (കോഴിക്കോട്): വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ (56) കൂടരഞ്ഞി ‘കൊലപാതക’ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് തിരുവമ്പാടി പൊലീസ് എറണാകുളത്തേക്ക്. കൂടരഞ്ഞി കരിങ്കുറ്റിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ 1986 ഡിസംബറിൽ തിരുവമ്പാടി സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന തോമസിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് എറണാകുളത്തേക്ക് പോകുന്നത്. കരിങ്കുറ്റിക്ക് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവിക മരണത്തിനായിരുന്നു അന്ന് കേസെടുത്തിരുന്നത്. എസ്.ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തോമസ് ഡിവൈ.എസ്.പിയായി സർവിസിൽനിന്ന് നേരത്തേ വിരമിച്ചിരുന്നു.
തിങ്കളാഴ്ച എറണാകുളത്തെത്തി തോമസിനെ കാണുമെന്ന് മുഹമ്മദലിയുടെ കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തൽ അന്വേഷിക്കുന്ന തിരുവമ്പാടി എസ്.എച്ച്.ഒ കെ. പ്രജീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസന്വേഷണത്തിന് തിരുവമ്പാടി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കവെ നാടുവിട്ട മുഹമ്മദലി 10 വർഷത്തിന് ശേഷമാണ് കൂടരഞ്ഞിയിൽ തിരിച്ചെത്തിയതെന്നും കൊലപാതകം നടത്തിയതായി പറയുന്ന 14ാം വയസ്സിൽ കൂടരഞ്ഞിയിൽ ഇല്ലെന്നും സഹോദരൻ പൗലോസ് പറഞ്ഞു.
10 വർഷം മുമ്പ് മാനസിക പ്രശ്നങ്ങൾക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുഹമ്മദലി ചികിത്സ തേടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം വിവാഹശേഷമാണ് ആന്റണി മതം മാറി മുഹമ്മദലിയെന്ന പേര് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.