വരും ആഴ്ചകളിലും പുറത്തുനിന്നുള്ള വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: വരും ആഴ്ചകളിലും പുറത്തുനിന്നുള്ള വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന വിലയിരുത്തലിൽ കെ.എസ്.ഇ.ബി. കേരളത്തിനു പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം ഇറക്കുമതി ചെയ്ത കൽക്കരിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിക്ക് ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്.

എന്നാൽ, പീക്‌ലോഡ് സമയത്ത് 78 മെഗാവാട്ട് മാത്രമാണ് ഈ മൂന്നു നിലയങ്ങളിൽനിന്നു ലഭിക്കുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുടെ അത്ര പ്രതിസന്ധി കേരളത്തിന് ഉണ്ടാകില്ലെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. ഈ വർഷം ഒക്ടോബർ വരെ കൽക്കരി ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നാണ് എൻ.ടി.പി.സി നൽകുന്ന സൂചന.

തൊട്ടിയാർ, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾ വേഗത്തിൽ കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ ബി. അശോക് അറിയിച്ചു. തൊട്ടിയാർ പദ്ധതിയിലെ 40 മെഗാവാട്ടിന്‍റെ ആദ്യ ജനറേറ്റർ മൂന്ന് മാസത്തിനകം പ്രവർത്തന ക്ഷമമാകും. 30 മെഗാവാട്ടിന്‍റെ ജനറേറ്റർ അടുത്ത മാർച്ചിൽ കമീഷൻ ചെയ്യും. ആകെ 70 മെഗാവാട്ട് വൈദ്യുതിയാണ് അവിടെ ഉൽപാദിപ്പിക്കുക. പെരിങ്ങൽക്കുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തിലാക്കും. അവിടെ സ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

അതിനിടെ, കോഴിക്കോട് നല്ലളം ഡീസൽ നിലയത്തിൽ ഉൽപാദനം പുനരാരംഭിച്ചു. ഒരു വർഷത്തെ ഇടവേളക്കു ശേഷം കഴിഞ്ഞദിവസം വൈകീട്ടോടെ പ്ലാന്‍റിലെ രണ്ടു ജനറേറ്ററുകളാണ് പ്രവർത്തിപ്പിച്ച് തുടങ്ങിയത്. 16 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. കായംകുളം താപനിലയത്തിൽ ഉൽപാദനം ആരംഭിക്കാൻ 45 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്.

പുറത്തുനിന്ന് വൈദ്യുതി വാങ്ങി ഉപയോഗിച്ചിരുന്ന വൻകിട ഉപയോക്താക്കൾ ബോർഡിന്‍റെ വൈദ്യുതിയിലേക്ക് മടങ്ങി എത്തിയത് മൂലമാണ് സംസ്ഥാനത്ത് ഉപയോഗം റെക്കോഡ് ഭേദിച്ച് 9.29 കോടി യൂനിറ്റിൽ എത്തിയത്. കൽക്കരി ക്ഷാമം മൂലം ഇവർക്ക് പുറത്തുനിന്നു വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ട്. വൻകിട ഉപയോക്താക്കൾ വീണ്ടും വൈദ്യുതി എടുത്ത് തുടങ്ങിയതു മൂലം പീക് ലോഡ് സമയത്തെ ഉപയോഗത്തിൽ 125 മെഗാവാട്ടിന്‍റെ വർധനയാണ് ഉണ്ടായത്. ഈ വിഭാഗം മാത്രം 24.4 ലക്ഷം യൂനിറ്റ് ഉപയോഗിക്കുന്നെന്നാണ് കണക്ക്.

Tags:    
News Summary - There will be a shortage of power in coming weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.