മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പ്രചാരണം ആരംഭിക്കാതെ മങ്കടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി. മാർച്ച് 15ന് പ്രഖ്യാപിച്ച എം.പി. അലവിയാണ് പ്രചരണത്തിന് ഇറങ്ങാതെ നിൽക്കുന്നത്.
അലവിയെ മാറ്റി സ്വതന്ത്രനെ ഇറക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചന. മറ്റൊരു പാർട്ടിയിൽനിന്ന് പുറത്താക്കിയ പ്രമുഖ നേതാവിനെ മണ്ഡലത്തിൽ കളത്തിലിറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർഥി അലവി സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് സ്വതന്ത്രനെ കളത്തിലിറക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പാർട്ടി സ്ഥാനാർഥിയെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ രണ്ട് തവണ മത്സരിച്ച അഡ്വ. ടി.കെ.റ ഷീദലിയെയും പരിഗണിച്ചിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി മൂന്ന് ദിവസമായിട്ടും താനൂരിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. അബ്ദുറഹിമാനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർഥി ആക്കിയതിൽ അബ്ദുറഹിമാന് അതൃപ്തിയുണ്ടെന്നാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് സി.പി.എം നേതൃത്വം. എന്നാൽ, അദ്ദേഹം ഫോൺ എടുക്കാൻ പോലും തയാറല്ല എന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകർ വിളിച്ചിട്ടും അദ്ദേഹത്തെ ഫോണിൽ ലഭ്യമല്ല. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് അബ്ദുറഹിമാന്‍റെ അനുയായികള്‍ പറയുന്നത്.
അതേസമയം, താനൂരിൽനിന്ന് അബ്ദുറഹിമാൻ മാറുകയാണെങ്കിൽ മുസ്‍ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ താനൂരിലോ, അല്ലെങ്കിൽ തിരൂരിലോ നിർത്താമെന്ന ഓഫർ സി.പി.എം മുന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാൽ, തിരൂരങ്ങാടിയിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചതായാണ് വിവരം. തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച വേണ്ടിവരുമെന്നും സി.പി.എം അറിയിച്ചു. രണ്ടത്താണിയെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വം കാര്യമായി ശ്രമിച്ചില്ലെന്നാണ് സൂചന. രണ്ടത്താണിയുടെ അടുത്ത നീക്കമെന്ത് എന്നത് വ്യാഴാഴ്ച ഉച്ചയോടെ വ്യക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.