'ജയിക്കാനാണ് മത്സരിക്കുന്നത്, കോൺഗ്രസ് പിന്തുണക്കുമോ എന്ന് കോൺഗ്രസിന്‍റെ ഓഫിസിൽ പോയി ചോദിക്കണം' -ജി. സുധാകരൻ

ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ജനങ്ങളെ കണ്ടുകഴിഞ്ഞപ്പോൾ വിജയം ഉറപ്പിച്ചെന്നും അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കോൺഗ്രസ് പിന്തുണക്കുമോ എന്ന് കോൺഗ്രസിന്‍റെ ഓഫിസിൽ പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ജയിക്കാനാണ് മത്സരിക്കുന്നത്. ജനങ്ങളെ കണ്ടുകഴിഞ്ഞപ്പോൾ വിജയം ഉറപ്പിച്ചു. യു.ഡി.എഫിന്‍റെ കാര്യം യു.ഡി.എഫ് തീരുമാനിക്കും. അവർ എന്തായാലും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. അതുമാത്രമാണ് എനിക്ക് അറിയുന്നത്. നിർത്തുമോ ഇല്ലയോ എന്നതൊന്നും എനിക്ക് അറിയില്ല' - ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്ന് സ്ഥാനാർഥിത്യം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ലെന്നും ഇലക്ഷൻ കൺവെൻഷൻ നടത്തില്ലെന്നും സുധാകരൻ വ്യക്തമാക്കി. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും ഉണ്ട് അത് വളരാൻ പാടില്ല എന്ന് ജി. സുധാകരൻ പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും അദ്ദേഹം വിമർശിച്ചിരുന്നു. 

Tags:    
News Summary - kerala assembly election-g sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.