മലപ്പുറം : മുസ്‍ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിക്കെതിരെ അച്ചടക്ക നടപടി. ലീഗ് അനുകൂല വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. അധികാരമോഹവും സംഘടനയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചതുമാണ് നടപടിക്ക് കാരണമെന്ന് സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, രണ്ടത്താണി തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമായി. സി.പി.എം നേതാക്കളുമായി രണ്ടത്താണി നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. നിലവിൽ സി.പി.ഐയുടെ സീറ്റായ തിരൂരങ്ങാടി സി.പി.എം ഏറ്റെടുത്ത് രണ്ടത്താണിയെ സ്വതന്ത്ര സ്ഥാനാർഥിയായി ഇറക്കാനാണ് ധാരണയാകുന്നത്.
തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ രണ്ടത്താണി പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക കമ്മിറ്റികൾ ആവശ്യപ്പെടാത്ത ഒരാളെ അർഹതപ്പെട്ടവരെ അവഗണിച്ച് സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റിടുകയും പിന്നീട് തിരുത്തുകയും ചെയ്ത രണ്ടത്താണി, ഇന്ന് രാവിലെ വീണ്ടും ലീഗിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം നേതൃത്വം അദ്ദേഹവുമായി ചർച്ചകൾ വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.