വേടനെതിരെ പുലിപ്പല്ലിൽ കേസെടുത്തതില്‍ തെറ്റില്ല; ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ല; ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികളില്‍ തെറ്റില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചെന്നും വനം മേധാവിയുടെ റിപ്പോര്‍ട്ട്. എന്നാല്‍, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതിലും ഗുരുതരമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വനം മേധാവി റിപ്പോര്‍ട്ട് കൈമാറി. പുലിപ്പല്ല് കൈവശം വെച്ചു എന്ന പരാതിയില്‍ വേടനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഷെഡ്യൂള്‍ ഒന്നു പ്രകാരം അതീവ സംരക്ഷിത വന്യജീവിയാണ് പുലി. അതിന്‍റെ ശരീരഭാഗങ്ങള്‍ കൈവശംവെച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാല്‍ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.

വനം ഫ്ലൈയിങ് സ്ക്വാഡ്, കണ്‍ട്രോള്‍റൂം എന്നിവിടങ്ങളിലും പൊലീസിനും പുലിപ്പല്ല് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍ പുലിപ്പല്ല് കണ്ടെത്തുകയും ചെയ്തു. ഇനി പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയ പരിശോധനക്ക് വിടേണ്ടത് കോടതിയാണ്. ഇക്കാര്യങ്ങളും വനം മേധാവി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ല് കൈമാറിയ വ്യക്തിയെ കുറിച്ച് മാധ്യമങ്ങളോട് വനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതും ശരിയായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീര്‍ത്തും അനുചിതമാണ് ഈ നടപടികളെന്ന വിമര്‍ശനമാണ് വനം മേധാവി രാജേഷ് രവീന്ദ്രന്‍റെ റിപ്പോര്‍ട്ടിലുള്ളത്.

പൊതു ജനാഭിപ്രായം തീർത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോർട്ട് തേടിയത്. അറസ്റ്റിനും തുടർന്ന് വിഷയം ചാനലുകൾക്കു മുന്നിൽ കൊണ്ടു വരുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യ തിടുക്കം കാണിച്ചതായാണ് നിഗമനം. അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായിരുന്നു. കോടനാട് വനം വകുപ്പ് ഓഫിസാണ് വിഷയത്തിൽ പ്രതിക്കൂട്ടിലായത്. കഞ്ചാവ് കേസിൽ എക്സൈസ് സ്വീകരിച്ച നിയമാനുസൃത നടപടികൾക്കു പുറമെ വനം വകുപ്പ് കൈക്കൊണ്ട നടപടികൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൻ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായി നിയമ നടപടികൾ സാധാരണ രീതിയിൽ പോകുന്നതിനിടെയാണ് കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന തീർപ്പിലെത്തിയ വനം വകുപ്പ് കേസെടുത്തത്. അതിനിടെ വേടന്റെ മാതാവ് ശ്രീലങ്കൻ വേരുകളുള്ള അഭയാർഥിയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. സമാന സ്വഭാവമുള്ള കേസുകളിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നടപടിയും വ്യാപകമായി വിമർശിക്കപ്പെട്ടു.

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - There is nothing wrong in filing a case against the Vedan Rapper; Forest Department chief's report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.