പട്ടാമ്പി: സി.പി.എം കോട്ട വിറപ്പിച്ച് പരുതൂരിൽ യു.ഡി.എഫിെൻറ മിന്നും പ്രകടനം. 40 വർഷത്തെ സി.പി.എം ആധിപത്യത്തിൽനിന്ന് 2000ലാണ് ആദ്യമായി യു.ഡി.എഫ് പഞ്ചായത്തിനെ മോചിപ്പിച്ചത്. എന്നാൽ, പിന്നീട് നടന്ന തെരെഞ്ഞടുപ്പുകളിലൊന്നും വോട്ടർമാർ ഐക്യമുന്നണിയെ അനുഗ്രഹിച്ചില്ല. 2000 ആവർത്തിക്കാൻ 2020 വരെ 10 വർഷത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്.
2015ൽ 16ൽ മൂന്നു വാർഡുകൾ മാത്രം നേടി പ്രതിപക്ഷത്തിരുന്ന മുന്നണി അഞ്ചുവർഷത്തിന് ശേഷം അംഗബലം ഒമ്പതായി വർധിപ്പിച്ചാണ് ഭരണം തിരിച്ചുപിടിക്കുന്നത്. കോൺഗ്രസ് ഒന്നിൽനിന്ന് മൂന്നായി ശക്തി വർധിപ്പിച്ചപ്പോൾ രണ്ടിൽനിന്ന് ആറിലേക്കുയർന്ന വൻ കുതിപ്പാണ് ലീഗിനുണ്ടായത്.
2015ൽ 16 വാർഡുകളിൽ വിജയിച്ച സി.പി.എം ഇത്തവണ ഏഴു വാർഡുമായി പ്രതിപക്ഷത്തൊതുങ്ങി. പ്രസിഡൻറായിരുന്ന ടി. ശാന്തകുമാരി 12ാം വാർഡിൽ വിജയിച്ചപ്പോൾ വൈസ് പ്രസിഡൻറായിരുന്ന ടി. സുധാകരൻ 16ാം വാർഡിൽ പരാജയപ്പെട്ടത് ആഘാതമായി. 15 വാർഡുകളിൽ പോരാട്ടത്തിനിറങ്ങിയ ബി.ജെ.പിയുടേത് മൂന്ന് വാർഡുകളിലൊഴികെ ദയനീയപ്രകടനമായിരുന്നു. 2, 12, 13 വാർഡുകളിൽ യഥാക്രമം 120, 172, 210 വോട്ടുകൾ നേടിയപ്പോൾ മറ്റിടങ്ങളിലെല്ലാം രണ്ടക്കത്തിൽ നിന്നുയർന്നില്ല. മൂന്നു വാർഡുകളിൽ മത്സരിച്ച് എസ്.ഡി.പി.ഐയും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയും സാന്നിധ്യമറിയിച്ചു.
രണ്ടു പാർട്ടികൾക്കും ഓരോ വാർഡിലും 50ൽ താഴെ വീതം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. തൃത്താല മണ്ഡലത്തിെൻറ ഭാഗമായ പരുതൂരിൽ വി.ടി. ബൽറാം എം.എൽ.എയുടെ സ്വാധീനവും യു.ഡി.എഫിെൻറ തിരിച്ചുവരവിനെ തുണച്ചു. എ.കെ.ജിക്കെതിരായ അശ്ലീല പരാമർശത്തെ തുടർന്ന് എം.എൽ.എക്ക് സി.പി.എം ബഹിഷ്കരണം ഏർപ്പെടുത്തിയതും എം.എൽ.എയുടെ പദ്ധതികളോട് മുഖം തിരിച്ച് ഭരണസമിതി വികസന പ്രവർത്തനങ്ങൾ മുടക്കിയെന്നുള്ള യു.ഡി.എഫ് ആരോപണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.