വളർത്തു നായ്ക്കള്‍ 'ജയില്‍ മോചിതരായി' ഇനി ഇബ്രാഹിമിന് സ്വന്തം

കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കള്‍ ഇനി മൃഗസ്‌നേഹിയായ ഇബ്രാഹിമിന് സ്വന്തം. ആകെ 8,600 രൂപയ്ക്കാണ് മൂന്നര വയസ് പ്രായമുള്ള ഡോബര്‍മാന്‍, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട മൂന്ന് വളര്‍ത്തുനായ്ക്കളെ ലേലത്തില്‍ പിടിച്ചത്.

ലേലത്തിനു ശേഷം മുഴുവന്‍ പണവുമടച്ച് ഇബ്രാഹിം നായ്ക്കളെ ഏറ്റെടുത്തു. അപ്രതീക്ഷിതമായാണ് നായ്ക്കളെ ലഭിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു. നായ്ക്കളെ ഏറെ ഇഷ്ടമാണ്. വീട്ടില്‍ വേറെ നായ്ക്കളെ വളര്‍ത്തുന്നില്ല. പൂച്ചകളുണ്ട്. കളമശേരി സ്വദേശിയായ ഇബ്രാഹിം സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. നായയെ ജയില്‍ സൂപ്രണ്ട് അഖില്‍ എസ്. നായര്‍ ഇബ്രാഹിമിന് കൈമാറി.


തടവുകാരെയോ സന്ദര്‍ശിക്കുന്നവരെയോ ആക്രമിക്കാനുള്ള സാധ്യതയും പരിപാലന ചുമതലയ്ക്ക് ആളില്ലാതാകുകയും ചെയ്തതിനെ തുടര്‍ന്നാണ് നായ്ക്കളെ വിറ്റഴിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ജയില്‍ ഡി.ജി.പിയുടെ അനുമതിയോടെ നായ്ക്കളെ ലേലം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നായ് വളര്‍ത്തി വരുമാനം നേടാനായി 2019 ലാണ് മൂന്ന് നായ്ക്കളെ ജയിലിലെത്തിച്ചത്. ആദ്യഘട്ടത്തില്‍ ബ്രീഡിംഗ് നടത്തി കുഞ്ഞുങ്ങളെ വിറ്റ് വരുമാനം നേടിയിരുന്നു. കെന്നല്‍ ക്ലബിന്റെ രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡുമുള്ള നായ്ക്കള്‍ക്ക് കൃത്യമായി വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. ഡോബര്‍മാന് 30 കിലോഗ്രാമും ലാബ്രഡോറിനും ജര്‍മന്‍ ഷെപ്പേഡിനും 20 കിലോഗ്രാം വീതവുമാണ് തൂക്കം.

Tags:    
News Summary - The pets have been 'released from jail' and are now Ibrahim's own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.