ബാലുശ്ശേരി (കോഴിക്കോട്): മത, വർഗീയ ശക്തികളെ വെള്ളപൂശിക്കൊണ്ടുള്ള യാത്രയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വർഗീയ നിലപാട് സ്വീകരിക്കുന്നവരല്ലെന്ന് പറയുന്ന വി.ഡി. സതീശൻ, ആർ.എസ്.എസിനെയും ന്യായീകരിക്കാൻ മടിയില്ലാത്തയാളാണ്. മതരാഷ്ട്രവാദികളോടുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിയും കുഴപ്പവും ഉണ്ടാക്കും. കോലീബി സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയും കൂടിച്ചേരുന്ന അവസ്ഥ ഇന്നലെവരെ ഒരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ വി.ഡി. സതീശനും കോൺഗ്രസിനും മാത്രമേ കഴിയൂ. ആ നിലപാടിലേക്ക് ഇപ്പോൾ ലീഗും മാറി. ലീഗിന്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറിക്കഴിഞ്ഞു. ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയാൻ കഴിയില്ലെന്ന് പറഞ്ഞത് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്നാണ്. കേരളത്തെ ഇല്ലാതാക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. അവരെ അപ്പുറവും ഇപ്പുറവും ചേർത്താണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ എൻ.പി.ആർ നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും ജാഥാ മാനേജറുമായ അഡ്വ. പി. സന്തോഷ് കുമാർ എം.പി, അഡ്വ. പി.എം. സുരേഷ് ബാബു, എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.