തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ബോധപൂര്‍വം നുണ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭയിൽ തെറ്റായ വിവരം നൽകിയതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2016 ല്‍ അധികാരമേറ്റ ശേഷം ഇതുവരെ 50 ല്‍ താഴെ പോലീസുകാരെ മാത്രമാണ് പിരിച്ചു വിട്ടത് എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. പിരിച്ചുവിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയില്‍ വെക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്തപക്ഷം മാപ്പുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-2016 കാലഘട്ടത്തില്‍ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചു വിട്ടത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 144 പേരെ പിരിച്ചുവിടണമെന്ന ശുപാര്‍ശയുണ്ടായിട്ടും നടപടിയെടുക്കപ്പെട്ട മിക്കവരും സര്‍വീസില്‍ നിന്നു ദീര്‍ഘകാലം വിട്ടുനിന്നവര്‍ മാത്രമാണ്. ക്രിമിനല്‍കേസില്‍പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. മാത്രവുമല്ല, നല്ല ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ക്രമസമാധാനപാലന ചുമതല ഏല്‍പിക്കുകയും ചെയ്തു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളില്‍ ആരോപണവിധേയനായി സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് ഉദയകുമാര്‍ ഉരുട്ടി കൊലകേസുകളിലെ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ്. എന്നാല്‍ ഈ കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സി.ബി.ഐ ആണ് എന്ന കാര്യം മുഖ്യമന്ത്രി ബോധപൂര്‍വ്വം മറച്ചുവെച്ചു. മുത്തങ്ങയില്‍ വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവിടെ വെടിവെപ്പ് ഉണ്ടായത് എന്ന കാര്യവും മുഖ്യമന്ത്രി ബോധപൂര്‍വ്വം വിട്ടുകളഞ്ഞു.
കോണ്‍ഗ്രസിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വെടിവെപ്പുണ്ടായത് എന്ന ശുദ്ധനുണയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒന്നാം ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലിയില്‍ ജനങ്ങളെ വെടിവെച്ചുകൊന്നത്. വലിയതുറയിലും ചെറിയതുറയിലും വെടിവെച്ച് ആള്‍ക്കാരെ കൊന്നതും ഇ.എം.എസ് മന്ത്രിസഭയാണ്.
കെഎസ്.യു നേതാവായിരുന്ന തേവരയിലെ മുരളിയെ അടിച്ചു കൊന്നതും ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ്. രണ്ടാം ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് കെ.എസ്.യു പ്രവര്‍ത്തകരായ സുധാകര അക്കിത്തായും ശാന്താറാം ഷേണായിയും കാസര്‍കോട്ട് പോലീസിന്റെ വെടികൊണ്ടു മരിച്ചത്. ഉറുദുഭാഷയ്ക്കു വേണ്ടി സമരം ചെയ്ത മുസ്ലിംലീഗ് പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചുകൊന്നത് നായനാരുടെ കാലത്താണ്. നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
പാലക്കാട്ട് സിറാജുന്നീസ എന്ന പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന കേസിലെ കാരണക്കാരന്‍ എന്നാരോപിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പോലീസിന്റെ മുഖ്യ ഉപദേക്ടാവാക്കിയത്. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന നടപടിക്ക് ഉത്തരവിട്ടു എന്ന പേരില്‍ സി.പി.എം കുറ്റമാരോപിച്ച റവഡ ചന്ദ്രശേഖര്‍ ആണ് ഇന്ന് കേരളത്തിന്റെ ഡിജിപി.
പൊലീസ് കംപ്‌ളെയ്ന്റ് അതോറിറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥനല്ലാത്ത ആളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 2022 ജൂണില്‍ ഇറങ്ങിയിട്ടും ഇതുവരെയും അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി വിധി നിലവിലുണ്ടെങ്കിലും നോട്ടിഫിക്കേഷന്‍ ഇടയ്ക്കിടെ പുതുക്കിയിറക്കി യോഗ്യത അപ്രായോഗികമായി പുനര്‍നിര്‍ണയിച്ച് ആളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി ഈ പോസ്റ്റ് ഒഴിപ്പിച്ചിട്ട് കോടതിയെപോലും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.