കത്ത്​ വിവാദം പരിധിയിൽ വരില്ല: അന്വേഷണം അവസാനിപ്പിക്കാൻ കാരണം തേടി വിജിലൻസ്

തിരുവനന്തപുരം: മേയറുടെ നിയമനക്കത്ത് വിവാദത്തിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി വിജിലൻസ്; യഥാർഥ കത്ത് കണ്ടെത്താനാകാതെ ഇഴഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണവും.ആരംഭ ശൂരത്വം എന്ന നിലക്ക് അന്വേഷണം പ്രഖ്യാപിച്ച സി.പി.എമ്മാകട്ടെ എന്ത് അന്വേഷണം ഏത് അന്വേഷണം എന്ന നിലയിലുമായി.

കോർപറേഷനിലെ 295 തസ്തികകളിലേക്ക് പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതെന്ന് പറയുന്ന കത്താണ് വിവാദത്തിന് ആധാരം.കത്ത് തന്‍റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണം നടന്നു.

അതിന് പിന്നാലെയാണ് വിജിലൻസിന് പരാതി എത്തിയത്. സ്പെഷൽ യൂനിറ്റ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായിരുന്നു വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശം.പ്രാഥമികാന്വേഷണത്തിനുശേഷം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് വിജിലൻസ് നീങ്ങുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി കെ.ഇ. ബൈജുവിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും വിജിലൻസിന്‍റെ അന്വേഷണ പരിധിയിൽ വരില്ലെന്നുമുള്ള പ്രാഥമിക റിപ്പോർട്ടിലാണ് വിജിലൻസ് എത്തിയത്.

മുൻ വർഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്‍റെ യഥാർഥ പകർപ്പ് കണ്ടെത്താനായിട്ടില്ല. കത്തെഴുതിയില്ലെന്നാണ് മേയറുടെ മൊഴി.കത്തിൽ ഒപ്പിട്ടെന്ന് പറയുന്ന ദിവസം മേയർ ഡൽഹിയിലായിരുന്നു. യഥാർഥ കത്ത് കണ്ടെത്തി ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാലേ അന്വേഷണം നിലനിൽക്കൂ.

അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. ആ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണ പരിധിയിൽ ഈ വിഷയം വരില്ലെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട് ഉടൻ വിജിലൻസ് മേധാവിക്ക് കൈമാറും.

സമാനരീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണവും. ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിന്‍റെ പുരോഗതികൂടി നോക്കി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് നീക്കം.പരാതിക്കാരിയായ മേയർ, കോർപറേഷൻ ജീവനക്കാർ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അവർ പറയുന്നു.  

Tags:    
News Summary - The letter controversy will not be covered: Vigilance seeks a reason to end the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.