തിരുവനന്തപുരം: വർഗീയ ശക്തികൾക്കെതിരെ നെഞ്ച് വിരിച്ചു നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അത് തെരഞ്ഞെടുപ്പ് ഫലംവെച്ച് അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. ന്യൂനപക്ഷങ്ങൾക്ക് തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. ആശങ്കകൾ പരിഹരിക്കാനും ചേർത്തുപിടിക്കാനും സർക്കാർ എന്നും തയാറായിട്ടുണ്ട്. നാടിന്‍റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയണം.
രാജ്യത്തെ മത നിരപേക്ഷ സമൂഹമായി കാണാൻ ശ്രമിച്ച പ്രസ്ഥാനമാണ് സമസ്ത. സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്തുന്നതിലും സമസ്ത ശ്രദ്ധ നൽകി. വർഗീയത ഫണം വിടർത്തിയാടുന്ന സമയത്തൊക്കെ മനുഷ്യപക്ഷത്ത് നിൽക്കാൻ സംഘടനക്ക് കഴിഞ്ഞു. മുസ്‍ലിം സമുദായത്തിന്‍റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും സാധിച്ചു. ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളെ ഓർമകളിൽ നിന്നുപോലും ഇല്ലായ്മ ചെയ്യുന്ന അസഹിഷ്ണുത വളരുന്ന കാലത്ത് സമസ്തയുടെ നിലപാട് ശ്രദ്ധേയമാണ്. - അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എസ്.എ. ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു.
ജാഥ നായകൻ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്നേഹപ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുൽ ഹൈതമി, സത്താർ പന്തല്ലൂർ എന്നിവർ വിഷയാവതരണം നടത്തി. എം. ഹുസൈൻ ദാരിമി, സിദ്ദീഖ് ഫൈസി അൽ അസ്ഹരി, ഫഖ്റുദ്ദീൻ ബാഖവി, അൻവറുദീൻ അൻവരി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് ബാഖവി സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ സിദ്ദീഖ് ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.