പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും, തർക്കമുണ്ടെങ്കിൽ ഒരു കോടി രൂപക്ക് പന്തയം വെക്കാം -പി.സി. ജോർജ്

കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി. ജോർജ്. പാലായിൽ ഷോൺ ജോർജും വിജയിക്കും. കേരളത്തിൽ ബി.ജെ.പിക്ക് മികച്ച മുന്നേറ്റമുണ്ടാവും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപക്ക് പന്തയം വെക്കാൻ തയാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ചെത്തുന്ന ചരിത്രമാകും ഇത്തവണയുണ്ടാവുക.

കേരളത്തിൽ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലമാകും ഉണ്ടാകുക. യു.ഡി.എഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽ.ഡി.എഫിന് സീറ്റ് തീരെ മോശമാകില്ല. 11സീറ്റിൽ എൻ.ഡി.എ ജയിക്കും. കേരളത്തിന്‌ പുറത്ത് സി.പി.എമ്മും കോൺഗ്രസും ഒറ്റക്കെടാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബി.ജെ.പി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് ഭരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

കണ്ണൂരിൽ ആറുസീറ്റ് വരെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സണ്ണി ജോസഫ്. 'അട്ടിമറി വിജയം നേരിടുമെന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ പറയാറുള്ളതാണ്. ഫലം പുറത്തുവരുന്നത് വരെ മാത്രമേ അവരുടെ അവകാശവാദം നിലനിൽക്കുകയുള്ളൂ. ജനങ്ങളിൽനിന്ന് യു.ഡി.എഫിന് കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൂടുമെന്നാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ. മുഖ്യമന്ത്രി ചർച്ചകളെല്ലാം ഞങ്ങൾക്കിടയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും അതിനൊരു മാനദണ്ഡം നിലനിൽക്കുന്നുണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളൂ'. സണ്ണി ജോസഫ് പറഞ്ഞു.

നാളെയാണ് വോട്ടെണ്ണൽ എന്നതിനാൽ ചങ്കിടിപ്പിനിടയിലും അവകാശ വാദങ്ങളുമായി രംഗത്തെത്തുകയാണ് നേതാക്കൾ. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി പറഞ്ഞു. പാലക്കാട്‌ ജില്ലയിൽ യു.ഡി.എഫിന് സീറ്റുകൾ വർധിക്കുമെന്നും ഒറ്റപ്പാലത്തെ സി.പി.എം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി.കെ. ശശി അവകാശപ്പെട്ടു. സി.പി.എം വിട്ടവരും പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി.പി. ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ബേപ്പൂരിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ബേപ്പൂരിലെ ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി. എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Will win with a big majority in Poonjhar, if there is a dispute, I can bet Rs. 1 crore - P.C. George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.