തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ കേരള പബ്ലിക് സർവീസ് കമീഷന് (പി.എസ്.സി) വിവരാവകാശ കമീഷന്റെ രൂക്ഷവിമർശനം. ഉദ്യോഗാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമീഷൻ വ്യക്തമാക്കി.
വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനഃപൂർവ്വം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമീഷൻ കുറ്റപ്പെടുത്തി. പി.എസ്.സി ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പി.എസ്.സിക്ക് കമീഷൻ നോട്ടീസ് അയക്കുകയും ചെയ്തു.
വീഴ്ച ഗൗരവമായി കാണുന്നതായും എന്നാൽ ഉദ്യോഗസ്ഥന് ഒരവസരം കൂടി നൽകുകയാണെന്നും കമീഷൻ നോട്ടീസിൽ വ്യക്തമാക്കി. ആഗസ്റ്റ് പത്തിനകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറി കമീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പി.എസ്.സിക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
പി.എസ്.സി പരീക്ഷയെഴുതിയ ഉദ്യോഗാർഥിക്കാണ് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും കൈമാറേണ്ടത്. നേരത്തെ പരീക്ഷാ ക്രമക്കേടിൽ വിവരങ്ങൾ ആരാഞ്ഞ പരാതിക്കാരന് വിവരാവകാശ നിയമപ്രകാരം ഇത് നൽകാനാകില്ലെന്നാണ് പി.എസ്.സി വ്യക്തമാക്കിയത്. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് പി.എസ്.സി തള്ളിയിരുന്നു.
ഒരു റാങ്ക് പട്ടിക കൂടി പുറത്ത് വരാനിരിക്കേ ഈ ഘട്ടത്തിൽ കൈമാറാനാകില്ലെന്നായിരുന്നു വിവരാവകാശ പ്രകാരം അപേക്ഷിച്ച ഉദ്യോഗാഥിക്ക് നല്കിയ മറുപടി. മാത്രമല്ല, വിവരവകാശ കമീഷന്റെ ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ നല്‍കുമെന്നും പി.എസ്.സി വ്യക്തമാക്കിയിരുന്നു.
പി.എസ്.സിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് പരാതിക്കാരൻ വീണ്ടും നൽകിയ പരാതിയിലാണ് വിവരാവകാശ കമീഷന്റെ തുടർനടപടി. മറുപടി നൽകാത്ത പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. വിവരാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുന്നെന്ന് ഉദ്യോഗാർഥിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി.എസ്.സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്. നിയമന പ്രകിയ പൂര്‍ത്തിയാകാത്തതിനാല്‍ വിവരവകാശ നിയമ പ്രകാരം ഇവ കൈമാറില്ലെന്നായിരുന്നു ഉദ്യോഗാർഥികളെ പി.എസ്.സി അറിയിച്ചിരുന്നത്. അതാണ് ഇപ്പോൾ വിവരാവകാശ കമീഷൻ വീണ്ടും ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.