ആർ. സുഗതൻ
തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് അവധി അനുവദിക്കാമെന്ന സസ്പെന്‍ഷനിലായ തദ്ദേശ അണ്ടര്‍ സെക്രട്ടറിയുടെ കുറിപ്പ് റദ്ദാക്കി തദ്ദേശവകുപ്പ്. കൗണ്‍സിലര്‍ക്ക് ആറുമാസം വരെ അവധി അനുവദിക്കാമെന്ന കുറിപ്പ് ചിത്ര നല്‍കിയത് നിയമത്തില്‍ ഇല്ലാത്ത വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം മറ്റൊരു അണ്ടര്‍ സെക്രട്ടറി തിരുത്തിയത്.
റിപ്പോര്‍ട്ട് നല്കിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ബലിയാടാക്കിയെന്ന് ഉദ്യോഗസ്ഥതലത്തില്‍ വിമര്‍ശനം ശക്തമാകവേയാണ് സര്‍ക്കാറിന്റെ നടപടി. നിലവിലുള്ള വ്യവസ്ഥ അറിയിച്ച ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് തടയാനും പുതുക്കിയ നിര്‍ദേശത്തിലൂടെ കഴിയും. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് എസ്കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും പുതുക്കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പുതുക്കിയ നിർദ്ദേശമെത്തിയതോടെ കൗണ്‍സിലര്‍ സുഗതന് ആറുമാസം അവധി അനുവദിച്ച കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനം റദ്ദാകാനും സാധ്യതയുണ്ട്. സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള അയോഗ്യത തടയാനാണ് ചിത്രയുടെ നിര്‍ദേശം മേയറും കൗണ്‍സിലും ഉപയോഗിച്ചത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ കാട്ടിയത് കുറ്റകരമായ അനാസ്ഥ എന്നുതന്നെയാണ് തദ്ദേശവകുപ്പ് ഇപ്പോഴും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.