കണ്ണൂർ: അക്രമരാഷ്ട്രീയത്തിനെതിരെ നിലകൊള്ളാൻ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമയാണ് അസ്ന എന്ന ആറുവയസ്സുകാരി. അന്ന്, ബി.ജെ.പിക്കാർ എറിഞ്ഞ ബോംബേറ്റ് കാൽ ചിതറിയ പെൺകുട്ടി, പിന്നീട് ജീവിതത്തോട് പൊരുതി, പഠിച്ച് ഡോക്ടറായി, ഇന്ന് വിവാഹിതയായപ്പോൾ അത് മനക്കരുത്തിന്‍റെയും പോരാട്ടത്തിന്‍റെയും കൂടി കഥയാവുകയാണ്.
2000 സെപ്റ്റംബര്‍ 27ന് രാവിലെയായിരുന്നു ആ സംഭവം. കണ്ണൂർ പാട്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എട്ടാം വാര്‍ഡിലെ ബൂത്തായ ന്യൂ എല്‍പി സ്‌കൂളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയെന്ന ആരോപണമുയർത്തി ബി.ജെ.പി പ്രവർത്തകർ സംഘർഷം അഴിച്ചുവിട്ടു. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽ.പി സ്കൂൾ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അസ്ന. ബി.ജെ.പിക്കാരുടെ ബോംബേറിൽ അസ്‌നയുടെ കാൽ മുട്ടിന് താഴെ ചിതറി. സഹോദരന്‍ ആനന്ദിനും അമ്മ ശാന്തയ്‌ക്കും പരിക്കേൽക്കുകയും ചെയ്തു.
കേരളം നടുങ്ങിയ ബോംബേറ് കേസിലെ പ്രതികളായ 14 ബി.ജെ.പി പ്രവർത്തകരും ശിക്ഷിക്കപ്പെട്ടു. ആറാം പ്രതി പ്രദീപന്‍ ചെറുവാഞ്ചേരിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റ അസ്ന 86 ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ കിടന്നത്. മലയാളികളുടെ മനസ്സിൽ മായാത്ത നൊമ്പരമായി മാറിയ അസ്ന, അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിരോധത്തിന്‍റെ പ്രതീകമാകുകയും ചെയ്തു. എല്ലാ പ്രതിബദ്ധങ്ങളെയും മനസ്സാന്നിധ്യം കൊണ്ട് നേരിട്ട അസ്ന വാശിയോടെ പഠിച്ചു. 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്നക്കായി ഉമ്മൻചാണ്ടി സർക്കാർ 38 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു. 2020ൽ എം.ബി.ബി.എസ് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കിയ അസ്ന നാടിന്‍റെ സ്വന്തം ഡോക്ടറായി സേവനം തുടങ്ങി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു അസ്‌നയ്ക്ക് നിയമനം ലഭിച്ചത്. നിലവിൽ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് അസ്നയുടെ വരന്‍. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണന്റെയും ലീനയുടെയും മകനാണ് നിഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.