സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനെത്തിയത് കണ്ണൂർ സ്വദേശി; 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന

കോഴിക്കോട്: വിവാദമായ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചതായി മുഖ്യപ്രതി സ്വപ്ന സുരേഷ്. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് ഒത്തുതീർപ്പിന് തന്നെ സമീപിച്ചതെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. 10 കോടി രൂപ തരാമെന്നാണ് ആദ്യം പറഞ്ഞത്. മക്കൾ ഉള്ളതുകൊണ്ടും മറ്റ് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാത്തത് കൊണ്ടും 30 കോടി രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ജീവിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചേർന്ന് സഹായിക്കുമെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.

ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളുമായി ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നുമാണ് പറഞ്ഞത്. ഫ്ലാറ്റ് അടക്കം എല്ലാ സൗകര്യങ്ങളും അവിടെ ചെയ്ത് തരാമെന്ന് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറണം. ക്ലൗഡ് അടക്കമുള്ളവയിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിണറായി വിജയനും ഭാര്യ കമലയും അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തണം. സ്വർണക്കടത്ത് കേസിൽ പുറത്തുവിട്ട കാര്യങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിച്ച് ബംഗളൂരുവിൽ നിന്ന് സ്ഥലംവിടണം. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്കോ യു.കെയിലേക്കോ പോകാനുള്ള പാസ്പോർട്ടും വിസയും തയാറാക്കി തരാം. സ്വപ്ന ജീവനോടെ ഉണ്ടെന്നോ എവിടെയാണെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ലെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.

Full View

വ്യോമയാത്രക്കായി വിമാനത്താവളത്തിൽ വരുമ്പോൾ ബാഗേജിനുള്ളിൽ മയക്കുമരുന്ന് വെച്ച് പിടിപ്പിക്കും. കുറഞ്ഞത് മൂന്നു വർഷം ജയിലിലാക്കും. രാംലീല സിനിമയിൽ ദിലീപ് രാജ്യംവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുന്നത് പോലെ രാജസ്ഥാനിലോ ജയ്പൂരിലോ താമസിക്കാൻ സൗകര്യം ചെയ്യാമെന്ന് പറഞ്ഞു.

വിജയ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും കൂടിക്കാഴ്ചയിലെ വിശദാംശങ്ങളും അഭിഭാഷകനായ കൃഷ്ണരാജിന് ഇമെയ്‍ൽ വഴി കൈമാറി. ഈ ഇമെയ്‍ൽ കർണാടക ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും നൽകിയിട്ടുണ്ട്. കേരളത്തിലെ വധഭീഷണിയെ തുടർന്നാണ് ബംഗളൂരുവിലേക്ക് മാറിയതെന്നും ഇവിടെയും താനും കുടുംബവും സുരക്ഷിതമല്ലെന്നും സ്വപ്ന പറഞ്ഞു.

തനിക്ക് ഒരു പിതാവേ ഉള്ളൂവെന്നും അവസാനം വരെ പോരാടാനാണ് ഇറങ്ങിയതെന്നും സ്വപ്ന വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പറ്റിക്കാനില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ അജണ്ടകളോ വ്യക്തിപരമായ അജണ്ടകളോ തനിക്കില്ല. കേസിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് പിണറായി വിജയനെ അറിയിക്കുന്നു. കേരളത്തെയും ജനങ്ങളെയും വിറ്റുതുലച്ച് മകൾക്ക് വേണ്ടി സാമ്രാജ്യം പണിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ ജീവനുള്ള കാലത്തോളം തുറന്നു കാണിക്കും. ഭീഷണിയുമായോ ഒത്തുതീർപ്പുമായോ തന്നെ സമീപിക്കേണ്ടെന്നും സ്വപ്ന എഫ്.ബി ലൈവിൽ വ്യക്തമാക്കി.





Tags:    
News Summary - Swapna Suresh released information about the settlement in the gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.