സ്വപ്​നയുടെ അഭിഭാഷകന്‍റെ അറസ്റ്റ് തടഞ്ഞു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്​ന സുരേഷിന്റെ അഭിഭാഷകൻ ആർ. കൃഷ്ണരാജിനെ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടതിന് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത്. മതനിന്ദ നടത്തിയിട്ടില്ലെന്നും പ്രതികാരത്തിനായുള്ള കേസാണിതെന്നും കൃഷ്ണരാജ് ബോധിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഒരു കേസിലും ശരിയായ അന്വേഷണമില്ല -ബെന്നിബെഹനാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഒരു കേസിലും ശരിയായ അന്വേഷണം നടക്കാത്തത്​ അത്ഭുതകരവും വിചിത്രവുമെന്ന് ബെന്നി ബെഹനാൻ എം.പി. ബി.ജെ.പി പിണറായിയെ സംരക്ഷിക്കുകയാണ്. ഒരു ഭാഗത്ത് രാഷ്ട്രീയ പ്രതിയോഗികളെ അകത്താക്കാന്‍ ഇ.ഡിയെ ഉപയോഗിക്കുകയും മറുഭാഗത്ത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനും അടുത്തുനിര്‍ത്താനും ഇ.ഡിയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പ്രകടമാകുന്നത്. ബി.ജെ.പി-സി.പി.എം അന്തര്‍ധാര ഇതിലെല്ലാം പ്രകടമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താന്‍ തയാറാകുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തുന്നില്ല. ഇത് അത്ഭുതകരമാണ്. പിണറായി വിജയനെതിരായ എല്ലാ കേസിന്‍റെയും ഗതി ഇതാണ്. ലാവലിന്‍ കേസ് 30 തവണ മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയുടെ ഭാഗത്തുനിന്ന്​ ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുണ്ടായിട്ടും ഇ.ഡി എന്തുകൊണ്ട് അന്വേഷണം നടത്താന്‍ തയാറാകുന്നില്ല. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ പിണറായി വിജയനെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ സി.പി.എം നേതാക്കള്‍ ധൈര്യപ്പെടുന്നില്ല. നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ മറ്റ് മാര്‍ഗങ്ങളിലൂടെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതും. ഇത്തരത്തിലൊക്കെ സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയോ കുടുംബാംഗങ്ങളോ മാനനഷ്ടക്കേസ് നല്‍കാന്‍ മുന്നോട്ടുവരുന്നില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Tags:    
News Summary - arrest of Swapna's lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.