'മാധ്യമം' പൂട്ടിക്കണമെന്ന് പറഞ്ഞ് ജലീൽ നിരന്തരം വിളിച്ചു; കാന്തപുരത്തിനു വേണ്ടി സ്യൂട്ട്‌കേസ് എത്തിച്ചു' -സ്വപ്ന

കെ.ടി ജലീൽ എം.എൽ.എക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. 'മാധ്യമം' എങ്ങനെയെങ്കിലും പൂട്ടിക്കണമെന്ന് പറഞ്ഞ് ജലീല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. മാധ്യമത്തിനെതിരെ യു.എ.ഇ അധികൃതർക്ക് നൽകിയ കത്തിന്റെ വിവരങ്ങൾ അറിയാൻ വേണ്ടി ജലീൽ നിരന്തരം വിളിച്ചിരുന്നു. തുടര്‍ന്ന് ജലീലിന്റെ കത്ത് കോൺസുൽ ജനറലിന്റെ ഔദ്യോഗിക മെയിലിൽനിന്ന് യു.എ.ഇ പ്രസിഡന്റിന് അയച്ചു. സ്വർണക്കടത്തുകേസ് വന്നതോടെ പിന്നീട് അതുമായി ബന്ധപ്പെട്ട് ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.ടി ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചകളാണ് കോൺസുൽ ജനറലുമായി കെ.ടി ജലീൽ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എൻ.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് നൽകിയിട്ടുണ്ട്. സ്‌പേസ് പാർക്കിൽ ജോലി തന്നത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണെന്നും സ്വപ്ന പറയുന്നു.

സ്വർണക്കടത്തുകേസിൽ ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരായ തെളിവുകൾ നേരത്തെ തന്നെ ഇ.ഡിക്ക് നൽകിയതാണ്. മുഖ്യമന്ത്രി അടക്കം പലരും പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ട്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തുകയും മർക്കസിനു വേണ്ടി കോൺസുൽ ജനറലിന്റെ ഓഫീസ് വഴി സ്യൂട്ട്‌കേസുകൾ കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

ജലീലിനു സമാനമായി ശൈഖ് കാന്തപുരം അബൂബക്കറും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, കെ.ടി ജലീൽ, ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ എന്നിവർ അടങ്ങിയ വി.വി.ഐ.പി സംഘം ശൈഖ് സായിദ് ഇന്റർനാഷനൽ പീസ് കോൺഫറൻസിനു വേണ്ടി എത്തുമെന്ന് മർക്കസ് ഞങ്ങളെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം അറിയാതെയാണ് ഇങ്ങനെയൊരു നിർദേശം ഞങ്ങൾക്ക് ലഭിച്ചത്. അവിടത്തെ നമ്മുടെ കോൺസുൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കാന്തപുരത്തിനു വേണ്ടി എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. അതേസമയം, കെ. ടി ജലീൽ പ്രോട്ടോകോൾ ലംഘിച്ചുവെന്നും എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സു​രേന്ദ്രൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.