തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച നാലു പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്.ഐ ശ്രീ കുമാർ, പൊലീസുകാരായ സുനിൽ, സിജു കുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോഷണ കേസിൽ അറസ്റ്റ് ചെയ്ത പ്രതി ജിനുവിനെ ക്രൂരമായി മർദിച്ചതിനാണ് നടപടി.
ബാറിനു മുന്നിൽ വെച്ച ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശിയായ ജിനു, ഉണ്ണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഡാൻസഫ് സംഘം ജിനുവിനെ സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലുള്ള നാല് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നതിനിടയിൽ വാഹനത്തിൽ വെച്ച് അടിച്ചുവെന്നാണ് ജിനു നൽകുന്ന മൊഴി.
പൊലീസിന്‍റെ മർദനത്തിൽ പരിക്കേറ്റ ജിനുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കഴിഞ്ഞ ദിവസം കൈക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്ത ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. കൂട്ടു പ്രതിയായ ഉണ്ണി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇതിനു പുറമെ പ്രായ പൂർത്തിയാകാത്ത ഒരാളെയും മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിറ്റു എന്ന് പറയുന്ന വർക് ഷോപ്പ്കാരനയെും തെളിവെടുപ്പിനെന്ന് പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.