സംസ്ഥാന പൊലീസ് മേധാവി നിയമനം: മൂന്നുപേരുടെ ചുരുക്കപ്പട്ടിക പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടിക പുറത്ത്. നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. നാലുപേരുടെ പട്ടികയിൽ നിന്ന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരടങ്ങുന്ന ചുരുക്ക​പ്പട്ടികയാണ് തയാറാക്കിയത്. ഒന്ന്, രണ്ട്, മൂന്ന് റാങ്കിലുള്ളവരെയാണ് യു.പി.എസ്.സി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ മൂന്നുപേരിൽ നിന്ന് ഒരാളെ മന്ത്രിസഭായോഗം ഡി.ജി.പിയായി തെരഞ്ഞെടുക്കും.

പുതിയ പൊലീസ് മേധാവിക്കായുള്ള പട്ടികയിൽ സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാരെ കൂടി സർക്കാർ നിർദേശിച്ചിരുന്നു. എസ്‌.പി.ജി അഡീഷനൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയൻ മേധാവി എം.ആർ. അജിത് കുമാർ എന്നിവരായിരുന്നു സർക്കാർ നോമിനികൾ. എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചതേയില്ല. പട്ടികയിൽ ആറാംസ്ഥാനത്തായിരുന്നു അജിത് കുമാർ.

നിലവിലെ സാഹചര്യത്തിൽ നിധിൻ അഗർവാളോ റവാഡ ചന്ദ്രശേഖറോ ഡി.ജി.പിയാകാനാണ് സാധ്യതയുളളത്. യോഗേഷ് ഗുപ്ത സർക്കാറുമായി ഇടഞ്ഞുനിൽക്കുകയാണെന്നതിനാൽ അദ്ദേഹത്തെ ഡി.ജി.പിയാക്കാൻ സാധ്യതയില്ല. നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമീഷണറാണ്. നേരത്തേ ബി.എസ്.എഫിന്റെ ഡയറക്ടർ ജനറലായിരുന്നു.

റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. കേന്ദ്ര ഐ.ബി സ്​പെഷ്യൽ ഡയറക്ടറാണ് ഇദ്ദേഹം. നിലവിൽ ഡി.ജി.പിയാകാൻ 30 വർഷം സർ​വീസോ ഡി.ജി.പി റാങ്കോ ഉള്ളവരെയാണ് പൊലീസ് മേധാവിയാകാൻ പരിഗണിക്കുന്നത്. 

ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേൽക്കണം.  കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാന ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് ഇന്ന് ചേർന്ന യു.പി.എസ്‌.സി യോഗത്തിൽ പങ്കെടുത്തത്.

Tags:    
News Summary - State Police Chief: M R Ajith Kumar out of shortlist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.