ഹിൽഡ മൊന്തേര, മകൻ മെൽവിൻ
കാസർകോട്: മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി അതിദാരുണമായി കൊന്നു. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ തള്ളിയനിലയിൽ കണ്ടെത്തി. വോർക്കാടിയിലെ പരേതനായ ലൂയി മൊന്തേരയുടെ ഭാര്യ ഹിൽഡ മൊന്തേരയാണ് (60) കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊന്തേരയാണ് കൊടും ക്രൂരകൃത്യം ചെയ്തത്.
മാതാവിനെ കൊലപ്പെടുത്തിയതിനുശേഷം ബന്ധുവായ യുവതിയെ വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധു വിക്ടറിന്‍റെ ഭാര്യ ലളിതയാണ് (30) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. സംഭവത്തിനുശേഷം പ്രതി മെൽവിൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിലാരംഭിച്ചു.
വ്യാഴാഴ്‌ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നാട്ടുകാരറിഞ്ഞത്. നിർമാണത്തൊഴിലാളി മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസം. മറ്റൊരു മകൻ ആൽവിൻ മൊന്തേര വിദേശത്താണ്. ബുധനാഴ്‌ച രാത്രി കിടന്നതായിരുന്നു മാതാവ് ഹിൽഡ. ഇതിനിടെ യുവാവ് മാതാവിനെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്‌ച പുലർച്ചെ അമ്മക്ക് സുഖമില്ലെന്നുപറഞ്ഞാണ് ബന്ധു ലളിതയെ മെൽവിൻ വീട്ടിലേക്ക് വരുത്തിയത്. വീടിനകത്ത് കയറിയ ഉടൻ ലളിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം കടന്നുകളയുകയായിരുന്നു. ലളിതയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. യുവാവ് ബസിൽ കയറി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.