തൊടുപുഴ: ലോകകപ്പ് ഫുട്ബാൾ പ്രദർശനത്തിനിടെ മങ്ങാട്ടുകവലയിൽ നാട്ടുകാർ തടഞ്ഞുവെച്ച പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നുവെന്ന് രക്തപരിശോധന ഫലം. പിന്നാലെ കരിമണ്ണൂർ സ്റ്റേഷൻ എസ്.ഐ റോയ് സുകുമാരൻ, സി.പി.ഒ ജിജോ ആന്റണി എന്നിവരെ എറണാകുളം റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തതായി ജില്ല പൊലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ മങ്ങാട്ടുകവലയിൽ സൗകര്യം ഒരുക്കിയിരുന്നു. ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായി സംശയം തോന്നി സംഘാടകരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞ് തൊടുപുഴ പൊലീസിൽ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ വാഹനത്തിൽ ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉൽപന്നവും കണ്ടെത്തി. തുടർന്ന് തൊടുപുഴ ജില്ല ആശുപത്രിയിൽ രക്തപരിശോധന നടത്തുകയും വിദഗ്ധ പരിശോധനക്ക് രക്തസാമ്പിൾ കാക്കനാട്ടെ ലാബിലേക്ക് അയക്കുകയും ചെയ്തു. ഇവിടെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു പൊലീസ് വാദം. പിന്നാലെ സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ഉൾപ്പെടെ സ്ഥലത്ത് കൂടിനിന്ന 200 പേർക്കെതിരെ കേസെടുത്തതോടെ സംഭവം വിവാദമായി.
ഹൈകോടതി ഡി.ജി.പിയോട് റിപ്പോർട്ടും തേടി. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രക്തപരിശോധന ഫലം എത്തുന്നത്. തുടർന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മെഡിക്കൽ റിപ്പോർട്ടിൽ പൊലീസ് മദ്യപിച്ചെന്ന് വ്യക്തമായതോടെ തങ്ങൾക്കെതിരെ കേസെടുത്തത് പ്രതികാര നടപടിയായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.