വടകര: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനചലനം. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനെയാണ് കോഴിക്കോട് സിറ്റി സൈബർ സെല്ലിലേക്ക് മാറ്റിയത്.
ഇടത് സർക്കാറിന്റെ കാലത്ത് പാതിവഴിയിൽ നിലച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസ് പുനരന്വേഷണം നടത്താൻ യു.ഡി.എഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കേസിൽ മുഖ്യപ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കളായ ജിതിൻ ഭാസ്കർ, റിബേഷ് രാമകൃഷ്ണൻ, ആർ. അമൽ എന്നിവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
കേസിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പ്രമുഖരിലേക്കടക്കം അന്വേഷണം എത്തിനിൽക്കെ ഡിവൈ.എസ്.പിയെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.കാഫിർ സ്ക്രീൻ ഷോട്ട് കേസിന് പുറമെ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ സഹകരണ സംഘം ജോയന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണവും ടി. മനോഹരന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഡി.സി.സി സെക്രട്ടറി സുധീർ കുമാർ ഉൾപ്പെടെ മൂന്നു പ്രതികൾ റിമാൻഡിലാണ്. ഈ കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തു വന്നുകൊണ്ടിരിക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സൊസൈറ്റിയിൽ 5.80 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.