പെരിന്തൽമണ്ണ: ജൂലൈയിൽ ആരംഭിച്ച 2027ലെ ജനസംഖ്യ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് (എച്ച്.എൽ.ബി) നിർണയത്തിൽ വ്യാപകമായ അപാകതകളുള്ളതായി എന്യൂമറേറ്റർമാരുടെ പരാതി. ചില എന്യൂമറേറ്റർമാരുടെ പരിധിയിൽ 50ൽ താഴെ വീടുകളാണെങ്കിൽ മറ്റു ചിലർക്ക് ഒന്നോ അതിൽ കൂടുതലോ എച്ച്.എൽ.ബികളിലായി 400 മുതൽ 500 വരെ വീടുകളുണ്ട്.
എച്ച്.എൽ.ബി നിർണയത്തിലെ അപാകത ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നിട്ടും ഉചിതമായ നടപടിയുണ്ടായിട്ടില്ലെന്ന് എന്യൂമറേറ്റർമാർ പറയുന്നു. രണ്ട് എച്ച്.എൽ.ബികൾ അനുവദിച്ച ചില എന്യൂമറേറ്റർമാരുടെ കാര്യത്തിൽ, രണ്ടാമത്തെ എച്ച്.എൽ.ബിയിലെ പ്രവർത്തനങ്ങൾ ആരംഭിക്കാനോ പൂർത്തിയാക്കാനോ ആയിട്ടില്ല.
എന്നിട്ടും ജൂലൈ 15ഓടെ തന്നെ അതിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മർദവും നിരന്തരമായ റിപ്പോർട്ട് ആവശ്യപ്പെടലും ഉണ്ട്. ഫീൽഡ് ജീവനക്കാരിൽ ഇത് മാനസിക സമ്മർദത്തിനിടയാക്കുന്നു. അശാസ്ത്രീയ എച്ച്.എൽ.ബി വിഭജനം കാരണം അധ്യാപകരായ ഫീൽഡ് ജീവനക്കാർ സ്കൂളുകളിലെ അധ്യയനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനും സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ നിർവഹിക്കാനുമാവുന്നില്ല.
രണ്ടാംഘട്ട സെൻസസിന് മുമ്പ് എച്ച്.എൽ.ബി നിർണയം ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് പുനഃപരിശോധിക്കണമെന്നും ജോലിഭാരം തുല്യമായി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് സെൻസസ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.