കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണാകോടതി മാറ്റുന്നതിനെ എതിർത്ത് പിതാവ് ഹൈകോടതിയിൽ. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി -3ലെ വിചാരണ മറ്റൊരു കോടതിയലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹരജിയിൽ കക്ഷിചേർന്നാണ് ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ആവശ്യത്തെ എതിർക്കുന്നത്.
കക്ഷിചേരാനുള്ള അപേക്ഷ ജസ്റ്റിസ് ജി. ഗിരീഷ് അനുവദിച്ചു. സാക്ഷി വിസ്താരവുമായി ബന്ധപ്പെട്ട് വിചാരണാ കോടതി നടപടികൾ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹരജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നും ഹരജികൾ ഒരേ ബെഞ്ചിൽ പരിഗണിക്കണമെന്നുമുള്ള സർക്കാർ ആവശ്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ രജിസ്ട്രിയോട് നിർദേശിച്ച സിംഗിൾബെഞ്ച്, ഹരജി ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. ഈ സാഹചര്യത്തിൽ വിചാരണ നടപടികൾ താൽക്കാലികമായി തടഞ്ഞ ഉത്തരവും ഒരാഴ്ചത്തേക്ക് നീട്ടി. ഹരജിയിൽ കോടതി വിശദവാദം കേൾക്കും.
ആകാശ് തില്ലങ്കേരിയടക്കം 17 സി.പി.എം പ്രവർത്തകരാണ് വിചാരണ നേരിടുന്നത്. വിസ്താരത്തിനിടെ, രണ്ടാം സാക്ഷി പഠിപ്പിച്ച് കൊടുത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും അതിനാൽ പെരുമാറ്റരീതി പ്രത്യേകം രേഖപ്പെടുത്തണമെന്നും പ്രതികൾ ആവശ്യപ്പെട്ടെങ്കിലും വിചാരണാ കോടതി അനുവദിച്ചിരുന്നില്ല. തുടർന്ന് കോടതിമാറ്റം ആവശ്യപ്പെട്ട് അവരുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിൽനിന്ന് വിട്ടുനിന്നു.
പ്രതികളും ഇതേ നിലപാട് തുടർന്നു. ഇതോടെ വിചാരണാ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലാക്കി. ഇതിനെതിരെ നൽകിയ ഹരജിയിൽ, ഈ ഉത്തരവ് റദ്ദാക്കി ജാമ്യത്തിൽ തുടരാൻ ഹൈകോടതി അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.