'എന്നെ ട്രോളുകയല്ല വേണ്ടത്, വിമർശിക്കാൻ പ്രതിപക്ഷ നേതാവ് വരട്ടെ'; ഹെലികോപ്റ്റർ വിവാദത്തിൽ വി.ടി ബൽറാം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുന്നതിനിടെ, വിശദീകരണവുമായി വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ തന്നെ ട്രോളുകയല്ല വേണ്ടതെന്നും, കാബിനറ്റ് റാങ്കിലിരിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉത്തരവാദിത്തത്തോടെ വിമർശനം ഉന്നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷം വലിയ വിമർശനമാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ബൽറാമിന്റെ പ്രതികരണം.

Full View

"സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിൻ്റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്. നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണ് വേണ്ടത്. കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കിൽ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്. ഹെലികോപ്റ്റർ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ വിമർശനമുന്നയിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടന്നുവരട്ടെ. സർക്കാർ അതിന് മറുപടി നൽകട്ടെ," വി.ടി ബൽറാം കുറിച്ചു.

മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന വി.ഡി. സതീശനും വി.ടി. ബൽറാമും ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരുന്നത്. സർക്കാരിന് ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാത്തപ്പോൾ മാസം 80 ലക്ഷം രൂപ ചെലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് 'ധൂർത്തിന്റെ അങ്ങേയറ്റം' എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ന് വിമർശിച്ചത്.

കൂടാതെ, അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പരിഹസിച്ച് 'ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവെച്ച് കൊല്ലാമായിരുന്നു' എന്ന് വി.ടി. ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ കൊച്ചി യാത്ര വിവാദമായതോടെ ഇടത് അനുകൂലികൾ പഴയ ഈ പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്.

അടിയന്തര സാഹചര്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കേണ്ട ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി മുൻമന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ സർക്കാരിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ, കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്ററിൽ സഞ്ചരിക്കേണ്ടിവരുമെന്നും, സർക്കാരിന് ഇതിലൂടെ യാതൊരു പണച്ചെലവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി കെ. മുരളീധരനും മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുൻകാല നിലപാടുകളും നിലവിലെ സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ്.

Tags:    
News Summary - VT Balram Reacts to Helicopter Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.