യാത്രക്കാരുടെ ബാഗുകൾ വെട്ടിപ്പൊളിച്ച നിലയിൽ
റിയാദ്/കരിപ്പൂർ: റിയാദിൽനിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കടുത്ത ദുരനുഭവം. ലഗേജുകൾ ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതിനൊപ്പം ബാഗുകൾ വെട്ടിപ്പൊളിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്തതായും യാത്രക്കാർ പരാതിപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്തത്. എന്നാൽ വിമാനമിറങ്ങി മൂന്നും നാലും മണിക്കൂറുകൾ കഴിഞ്ഞാണ് യാത്രക്കാർക്ക് ബാഗേജുകൾ ലഭ്യമാക്കിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ബാഗേജുകളിൽ പലതും തുറന്ന നിലയിലും കീറിയ അവസ്ഥയിലുമായിരുന്നു. ബാഗുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന വാച്ചുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കൃത്യമായി മനസ്സിലാക്കി, ആ ഭാഗം മാത്രം മുറിച്ചുമാറ്റിയാണ് കവർച്ച നടത്തിയിരിക്കുന്നത്.
യാത്രക്കാർ എയർപ്പോർട്ട് അധികൃതരോട് പരാതിപ്പെടുന്നു
റിയാദിൽനിന്നുള്ള സാമൂഹിക പ്രവർത്തകർ അടക്കം നിരവധി സാധാരണക്കാരായ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. സാധനങ്ങൾ നഷ്ടപ്പെട്ട വിവരം അറിയിക്കാനും പരാതി നൽകാനുമായി യാത്രക്കാർ കസ്റ്റംസ് അധികൃതരെയും എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറുകളെയും സമീപിച്ചെങ്കിലും നിരുത്തരവാദപരമായ നിലപാടാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്.
സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകാനോ ഉചിതമായ നടപടിയെടുക്കാനോ അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കും കാത്തിരിപ്പിനുമൊടുവിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട നിരാശയോടും അധികൃതരുടെ അവഗണനയോടുമാണ് യാത്രക്കാർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.