ബി.ആർ.എം. ഷഫീർ
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ. കൊച്ചിയിൽ മുൻകൂട്ടി നിശ്ചയിച്ച വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ എത്തിയതെന്നും കൊച്ചിയിൽ വിവിധ ഔദ്യോഗിക പരിപാടികൾക്ക് ഹെലികോപ്ടറിൽ വന്ന മുഖ്യമന്ത്രി പരിപാടികൾക്ക് ശേഷം കൊച്ചിയിൽനിന്ന് ഔദ്യോഗിക കാറിലാണ് ആലുവ ഹോസ്പിറ്റലിലേക്ക് പോയതെന്നും ഫേസ്ബുക് കുറിപ്പിൽ ബി.ആർ.എം. ഷഫീർ വ്യക്തമാക്കി.
അസുഖബാധിതനായി ആലുവ കാരോത്ത്കുഴി ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന ഭാര്യപിതാവിനെ സന്ദർശിച്ചത് ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ്. കൊച്ചിയിലെ ഔദ്യോഗിക കാറിലായിരുന്നു ആശുപത്രി സന്ദർശനം. മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് പ്രതിമാസം 80 ലക്ഷം രൂപ വാടക വ്യവസ്ഥയിൽ 25 മണിക്കൂർ ഉപയോഗിക്കാനായി കരാറിലെടുത്ത ഹെലികോപ്റ്ററാണിത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകേണ്ടതുണ്ട്. നാടിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഈ കരാർ കാലാവധി അവസാനിക്കാറായിരിക്കെ, സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഔദ്യോഗിക ആവശ്യത്തിനായി തന്നെയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് ഷഫീഖ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനങ്ങൾക്കും മറ്റും ഇത് ദുരുപയോഗം ചെയ്ത ചരിത്രമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിദിനം മൂന്നുമണിക്കൂറിലധികം പൊതുജനങ്ങളെ നേരിൽ കാണുകയും രാത്രി വൈകുവോളം ഫയലുകൾ തീർപ്പാക്കുകയും ചെയ്യുന്ന നിലവിലെ മുഖ്യമന്ത്രിക്ക് സമയം ലാഭിക്കാൻ ഇത്തരം ഔദ്യോഗിക യാത്രാസംവിധാനങ്ങൾ ആവശ്യമാണ്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കുള്ള വ്യക്തമായ മറുപടി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.