തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കു പുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജലാശയങ്ങളിലും പ്രവേശനം പൂർണമായും നിരോധിച്ചു.
ഇടുക്കി ജില്ലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. വയനാട് ജില്ലയിലെ എല്ലാവിധ ട്രെക്കിങ്ങിനും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾക്കും ഹോംസ്റ്റേകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, കല്ലാർ-പൊന്മുടി റോഡ്, പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവയും അടച്ചു. കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റൂട്ടിലെ രാത്രിയാത്രയും ഈ മാസം നാല് വരെ നിരോധിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യർഥിച്ചു. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട ഞായർ, തിങ്കൾ ദിവസങ്ങളിൽ തുറക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ പലയിടത്തും കനത്ത മഴയും പ്രളയസമാന സാഹചര്യവും നിലനില്‍ക്കുകയാണ്. അതിനാല്‍ നിറപുത്തരി ദര്‍ശനത്തിനുള്ള യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് നൽകിയ നിർദേശം.
പമ്പയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീർഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നൽകി. ആഗസ്റ്റ് 16 മുതല്‍ 21 വരെ ചിങ്ങമാസ പൂജകള്‍ക്കായും, ഓണത്തോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി 24 മുതല്‍ 28 വരെയും ശബരിമല നട തുറക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ആ സമയത്ത് ദര്‍ശനം നടത്താന്‍ ഭക്തര്‍ പരമാവധി ശ്രമിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.