റജീന ജോണി, ജോസഫിൻ ജോണി, സുമതി, പ്രഭാകരൻ നായർ, ആദം അയ്മൻ, അബ്ദുൽ മുഹൈനി, മിലൻ കെ. ഷിജു, ബെന്നി, രാധാകൃഷ്ണൻ
തിരുവനന്തപുരം: ഇടവേളക്കുശേഷം തകർത്ത് പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് പ്രളയസമാന സ്ഥിതി. മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്നും വെള്ളക്കെട്ടിൽ വീണുമാണ് ജീവൻ പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മിലൻ കെ. ഷിജു എന്നിവർ മരിച്ചു.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി (69), പീരുമേട് വാഗമണ്ണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മൻ, വണ്ടൂരിൽ ഒഴുക്കിൽപെട്ട് മൂന്നുവയസ്സുകാരൻ അബ്ദുൽ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽനിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി (57) എന്നിവരാണ് മരിച്ചത്. കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച രാവിലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്‍റെ (47) മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവർക്കായുള്ള തിരച്ചിലിന് സർക്കാർ നേവിയുടെ സഹായം തേടി.
വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയ മഴ മിക്ക ജില്ലകളിലും തോരാതെ തുടരുകയാണ്. പല ജില്ലകളിലെയും പ്രധാന സ്ഥലങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. മുന്നൊരുക്കങ്ങളും മുന്നറിയിപ്പും കൃത്യമായി നൽകുന്നതിലുണ്ടായ വീഴ്ചയാണ് മഴ ദുരിതം ഇത്രയും രൂക്ഷമാക്കിയതെന്ന് ആക്ഷേപമുണ്ട്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് വിലക്കില്ലെങ്കിലും പമ്പയിലെ വെള്ളപ്പൊക്ക പശ്ചാത്തലത്തിൽ ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ മഴ അതിതീവ്രമായിരുന്നു. പാലാ, ഈരാറ്റുപേട്ട, റാന്നി ടൗണുകൾ വെള്ളത്തിലായി. കണ്ണൂരിന്‍റെ മലയോര മേഖലയിലും മഴ കനത്തു. പൊൻമുടി 12ാം വളവിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഒമ്പതാം വളവ് വരെ മണ്ണും അവശിഷ്ടങ്ങളും ഒലിച്ചെത്തി. ഇവിടേക്ക് യാത്ര പൂർണമായി നിരോധിച്ചു. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത, ഈരാറ്റുപേട്ട-വാഗമൺ റോഡ്, കുട്ടിക്കാനം-മുണ്ടക്കയം റോഡ്, ആലുവ-മൂന്നാർ റോഡ്, കെ.കെ റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് ശനിയാഴ്ച വൈകീട്ട് ആറുവരെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ, എറണാകുളം ജില്ലകളിലായി 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പത്തനംതിട്ട: ജില്ലയിൽ പെയ്തത് അതിതീവ്ര മഴ. 2018 ലെ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ജില്ലയിലെങ്ങും. വെള്ളിയാഴ്ച രാത്രി വനമേഖലയിൽ വ്യാപകമായുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ റാന്നി ടൗൺ മുങ്ങി. പമ്പാനദിയിൽ ജലനിരപ്പുയർന്നതാണ് പ്രളയത്തിന് ഇടയാക്കിയത്.
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിച്ചേക്കാം. നേരത്തെ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പറഞ്ഞിരുന്നത്. രാത്രി എട്ടിനുശേഷം അലർട്ട് പുതുക്കുകയായിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.