കൊച്ചി: നിയമലംഘനം നടത്തുന്ന വിദേശ കപ്പലുകൾക്ക് നേരെ അധികൃതർ കണ്ണടക്കുന്നതാണ് കടലിൽ തുടർക്കഥയാവുന്ന അപകടങ്ങൾക്ക് കാരണം. അനേകം മത്സ്യത്തൊഴിലാളികളുടെ ജീവൻ കുരുതി കഴിക്കപ്പെട്ടിട്ടും വിദേശ കപ്പലുകളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇറ്റാലിയൻ നാവികർ 2012ൽ മത്സ്യത്തൊഴിലാളികളെ വെടിെവച്ച് കൊന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എൻറിക ലെക്സി എന്ന ഇൗ കപ്പലിലെ നാവികർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പോലും കഴിഞ്ഞില്ല. അതേവർഷം കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അതിനുശേഷം ചെറുതും വലുതുമായ ആറ് അപകടങ്ങൾ കൊച്ചിയിൽ മാത്രം ഉണ്ടായിട്ടുണ്ട്.
ഞായറാഴ്ചത്തെ അപകടത്തിന് കാരണക്കാരായ പനാമയിൽനിന്നുള്ള ആംബർ കപ്പൽ എല്ലാ നിയമവും ലംഘിച്ചാണ് എത്തിയത്. ഇന്ത്യൻ മാരിടൈം ഓർഗനൈസേഷൻ മാനദണ്ഡം അനുസരിച്ച് കപ്പലുകൾ കപ്പൽ ചാലുകളിലൂടെ മാത്രമെ സഞ്ചരിക്കാവു. തീരത്തോട് ചേർന്ന് വരാൻ പാടില്ല. എന്നാൽ, 14 നോട്ടിക്കൽ മൈൽ മാത്രം ദൂരത്താണ് ഇൗ കപ്പൽ സഞ്ചരിച്ചത്. അന്താരാഷ്ട്ര നിയമപ്രകാരവും ഐ.എം.ഒ മാനദണ്ഡം അനുസരിച്ചും എല്ലാ കപ്പലുകളിലും ഓരോ നിരീക്ഷകരുണ്ടാകേണ്ടതുണ്ട്. കിലോമീറ്ററുകൾ ദൂരെ വരെ വ്യക്തമായി കാണാൻ കഴിയുന്ന നൈറ്റ് വിഷൻ െടലിസ്കോപ് ഉപയോഗിച്ച് സദാ നിരീക്ഷണത്തിലേർപ്പെടേണ്ടവരാണിവർ. ദൂരെ ബോട്ടുകളോ മറ്റു തടസ്സങ്ങളോ കണ്ടാൽ ഉടൻ ക്യാപ്റ്റനെ അറിയിക്കണം.
ക്യാപ്റ്റൻ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ബോട്ടുകൾ മാറ്റാനുള്ള സാഹചര്യമൊരുക്കണം. ബോട്ടിലുള്ളവർക്ക് കാര്യം വ്യക്തമായിട്ടില്ലെങ്കിൽ ആകാശത്തേക്ക് വെടിവെക്കണം. അതും ഫലിച്ചില്ലെങ്കിൽ വെള്ളം ചീറ്റിച്ച് സൂചന നൽകണം. എന്നിട്ടും ഫലമില്ലെങ്കിൽ കപ്പൽ നിർത്തണം. എന്നാൽ ഇവയൊന്നും ഇവിടെ ഉണ്ടായിട്ടില്ല. കപ്പൽ പോർട്ട് ട്രസ്റ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്താത്തതിലും പ്രതിഷേധമുണ്ട്. ഇത് ഇറ്റാലിയൻ നാവികരുടേതിന് സമാന രീതിയിൽ കേസ് എത്താൻ ഇടയാക്കും. കപ്പലുകളിൽ യാത്ര വിവരങ്ങൾ രേഖപ്പെടുത്തുന്ന ലോഗ്ബുക്ക്, ഡേറ്റ റെക്കോർഡർ, എ.ഐ.എസ് സംവിധാനം എന്നിവയുണ്ട്. ഇവയിലെ രേഖകൾ തെളിവെടുപ്പിന് മുമ്പ് മായിച്ചു കളയുന്ന സാഹചര്യമുണ്ടായാൽ തെളിവുകൾ ഇല്ലാതാവുകയും ഉത്തരവാദികൾ നിയമത്തിന് മുന്നിൽ രക്ഷപ്പെടുകയും ചെയ്യും.
ഇറ്റാലിയൻ നാവികരുെട കാര്യത്തിൽ ഇതാണ് സംഭവിച്ചത്. എത്രയും വേഗം നിയമ നടപടി സ്വീകരിച്ച് അപകടത്തിന് കാരണക്കാരായവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് ഉണ്ടാകേണ്ടതെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.