കൊച്ചി: ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ യു.എസ് ആസ്ഥാനമായ കോറോ ഹെൽത്ത് ഓഫിസ് സർക്കാറുമായി നടന്ന ചർച്ചയിലെ ഉറപ്പ് പാലിച്ചില്ല. ചൊവ്വാഴ്ച ഓഫിസ് തുറന്നില്ല. എന്നാൽ, ജീവനക്കാർ എത്തിയിരുന്നു. ഇവരുടെ ഹാജർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഓഫിസിനു പുറത്ത് കാത്ത് നിൽക്കുകയാണ് ജീവനക്കാർ ചെയ്തത്. വെള്ളിയാഴ്ച വരെ ഈ രീതി തുടരും. ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്തെത്തിയില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും -മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫിസുകളിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസ്സിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്.
ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുമ്പ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം. സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനെക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യം. സ്ഥാപനം സംസ്ഥാനത്തു തന്നെ നിലനിർത്തി ജീവനക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാറും ഇടപെടണം -ഹൈബി ഈഡൻ
കൊച്ചി: കൊറോ ഹെൽത്ത് ഇൻഫോടെക്കിൽ നൂറുകണക്കിന് ജീവനക്കാരെ ഒരു മുൻകൂർ അറിയിപ്പുമില്ലാതെ പിരിച്ചുവിട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിന്റെ കൂടി അടിയന്തര ഇടപെടൽ വേണമെന്ന് ഹൈബി ഈഡൻ എം.പി. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക് കത്തുനൽകി.
800ഓളം ജീവനക്കാരെ ഇ-മെയിൽ മുഖേന അപ്രതീക്ഷിതമായി പിരിച്ചുവിട്ടത് തൊഴിലാളികളുടെ അവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾക്കും വിരുദ്ധമാണെന്നും, ഇത് നൂറുകണക്കിന് കുടുംബങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിരിച്ചുവിട്ട ജീവനക്കാരെ പരമാവധി അതേ സ്ഥാപനത്തിൽ തിരിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി തൊഴിൽ നിയമലംഘനം കണ്ടെത്തിയാൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.