കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകി പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവ് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. സി.ബി.ഐ നൽകിയ അപേക്ഷയിൽ പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ജൂലൈ രണ്ടിന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് കോടതിയിൽ സമർപ്പിച്ചിരുന്നില്ല.
എന്നാൽ, പിറ്റേ ദിവസം ഈ ഉത്തരവ് കാട്ടി കേസിലെ പ്രതിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ നടത്തിയ വാർത്തസമ്മേളനത്തെ തുടർന്ന് വിഷയം വിവാദമായിരുന്നു. കേസിലെ ഹൈകോടതിയുടെ ഇടപെടലിനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രോസിക്യൂഷൻ അനുമതി നൽകിയ ഈ ഉത്തരവ് പിൻവലിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം, കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം നിലനിർത്തിയാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർ. ചന്ദ്രശേഖരന് പുറമെ മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷും കേസിൽ വിചാരണ നേരിടേണ്ടിവരും. മൂന്നുവട്ടം അനുമതി നിഷേധിച്ചതിനെ തുടർന്ന് കടകംപള്ളി മനോജ് നൽകിയ ഹരജിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെ എടുത്ത കോടതിയലക്ഷ്യ നടപടി ബുധനാഴ്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരിഗണനക്കെത്തും.
സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹരജി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയെന്ന പേരിൽ ഹൈകോടതിയെ നിന്ദിക്കുന്ന വിധം സർക്കാർ ഉത്തരവ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരെ കോടതിയലക്ഷ്യത്തിന് ഹരജി.
മൂന്നാം തവണയും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയ കടകംപള്ളി മനോജാണ് ഉപഹരജിയിലൂടെ ബിജുവിനെതിരെയും നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷൻ അനുമതി നൽകുന്ന ഉത്തരവ് പ്രതികളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.