തിരുവനന്തപുരം: ആലപ്പുഴയിൽ മുൻസർക്കാറിന്റെ കാലത്ത് നടന്ന വിവാദ ‘രക്ഷാപ്രവർത്തന കേസ്’ അട്ടിമറിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടികൾ സ്വീകരിക്കാതെ ആഭ്യന്തരവകുപ്പ്. കേസ് അട്ടിമറിക്കുന്നതിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹത്തിന് സംരക്ഷണം നൽകുന്ന നടപടിയാണ് പുരോഗമിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
പ്രത്യേകാന്വേഷണ സമിതി തലവൻ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടാഴ്ചയോളമായിട്ടും നടപടിയുണ്ടാകാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. റിപ്പോർട്ടിൽ എ.ഡി.ജി.പിക്കെതിരായ പരാമർശമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നത്. എന്നാൽ തുടർനടപടിയുണ്ടായില്ലെന്ന് മാത്രം.
പിണറായി സർക്കാറിന്റെ വിശ്വസ്തനായിരുന്ന എം.ആർ. അജിത്കുമാറിനെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ യു.ഡി.എഫ് സർക്കാറും സംരക്ഷിക്കുകയാണെന്ന നിലക്കാണ് കാര്യങ്ങൾ. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ച കേസിൽ അതിവേഗമാണ് യു.ഡി.എഫ് സർക്കാർ കോടതി നിർദ്ദേശപ്രകാരം എസ്.ഐ.ടിയുണ്ടാക്കി അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയത്.
എന്നാൽ ആ വേഗത ഇപ്പോൾ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യത്തിലുണ്ടായില്ലെന്ന നിലക്കാണ് കാര്യങ്ങൾ. രക്ഷാപ്രവർത്തനക്കേസിന്റെ കേസ് ഡയറി തിരുത്തി അന്വേഷണം അട്ടിമറിച്ചത് അന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിന്റെ നിർദ്ദേശപ്രകരമാണെന്ന നിർണായക കണ്ടെത്തൽ എസ്.ഐ.ടി നടത്തിയിരുന്നു.
അജിത്കുമാറിന് ഡി.ജി.പി തസ്തിക ഉറപ്പാക്കാണ് ഈ മെല്ലെപ്പോക്കെന്ന ആക്ഷേപവും സേനക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ മാസം 31ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കും. അപ്പോൾ ഒഴിവ് വരുന്ന ഡി.ജി.പി തസ്തകയിലേക്ക് അജിത്ത്കുമാറിന്റെ പേരാണ് വരിക. എസ്.ഐ.ടി റിപ്പോർട്ടിന്മേൽ നടപടിയെടുക്കുകയാണെങ്കിൽ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ അജിത്കുമാറിന്റെ പേര് ഒഴിവാക്കപ്പെടാനാണ് സാധ്യത. ആ സാഹചര്യമില്ലാതാക്കാനാണ് ഈ നീക്കമെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.