കള്ളാടി (വയനാട്): നിമിഷങ്ങളുടെ ബെല്ലടിയിൽ ആ രണ്ട് ബസുകളിലേയും യാത്രക്കാർ ജീവിതത്തിലേക്ക് കൂടിയാണ് തിരികെ യാത്രയായത്. വയനാട്ടിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മലയിടിച്ചിൽ ദുരന്തത്തിൽനിന്ന് ചൂരൽമലയിലേക്കും തിരിച്ചുമുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലുള്ളവരാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.35നാണ് കൽപറ്റ ഡിപ്പോയിൽനിന്ന് ചൂരൽമലയിലേക്കുള്ള കെ.എൽ 15. 7316 നമ്പർ ബസ് യാത്ര തുടങ്ങുന്നത്.
യാത്രക്കാരായുണ്ടായിരുന്നത് 25ഓളം പേരാണ്. ചായത്തോട്ടങ്ങൾ പച്ചവിരിച്ച പാത പിന്നിട്ട് 11.15ഓടെയാണ് ബസ് മീനാക്ഷിയിലെത്തുന്നത്. അതിന് തൊട്ടുമുമ്പാണ് മലയിടിച്ചിലും തുടർന്നുണ്ടായ മണ്ണിടിച്ചിലുമുണ്ടായത്. താഴെഅരപ്പറ്റ സ്വദേശിയായ ഡ്രൈവർ അനിൽ വർഗീസ് ബസ് പെട്ടെന്ന് ബ്രേക്കിട്ടു. തൊട്ടുമുന്നിൽ ഭീമാകാരമായ കുന്ന് ഇടിഞ്ഞ് മണ്ണിന്റെ ഭീമൻ കൂമ്പാരം. അങ്ങ് ദൂരെ മലയുടെ ചെറിയ ഭാഗത്തുനിന്ന് വീണ്ടും മണ്ണ് നീങ്ങുന്നത് കണ്ടുവെന്നും അനിൽ വർഗീസ് പറഞ്ഞു.
ബസ് കണ്ടക്ടർ താമരശ്ശേരി സ്വദേശി ലാൽസൺ ആയിരുന്നു. ഇപ്പോഴും തങ്ങളുടെ നെഞ്ചിടിപ്പ് മാറിയിട്ടില്ലെന്ന് ഇരുവരും പറയുന്നു. അൽപം കൂടി മുമ്പായിരുന്നു ബസ് മീനാക്ഷി പാലത്തിൽ എത്തിയിരുന്നതെങ്കിൽ ആ ബസും യാത്രക്കാരുമൊന്നാകെ മണ്ണിനിടിയിൽ പെടുമായിരുന്നു. ദുരന്തമുണ്ടാകുന്നതിന്റെ തൊട്ടുമുമ്പാണ് ചൂരൽമലയിൽ നിന്ന് കൽപറ്റയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് മീനാക്ഷി പാലം കടന്നത്. മീനാക്ഷി പാലം കടക്കാൻ അൽപം വൈകിയിരുന്നുവെങ്കിൽ ഈ ബസും യാത്രക്കാരും ദുരന്തത്തിൽ അകപ്പെടുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.