ന്യൂഡൽഹി: ദുരന്തങ്ങൾ ആവർത്തിക്കുന്ന പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടിലെ മേപ്പാടിയിൽ ഒരിക്കലും നടപ്പാക്കാൻ പാടില്ലാത്ത പദ്ധതിയാണ് തുരങ്ക പാതയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഇത്രയും ദുരന്തങ്ങളുണ്ടായ പശ്ചിമ ഘട്ടത്തിലെ അതീവ പരിസ്ഥിതി ലോലപ്രദേശത്ത് ഇത്തരമൊരു തുരങ്ക പാതയുടെ നിർമാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എങ്ങനെ പരിസ്ഥിതി അനുമതി നൽകിയെന്ന് മനസ്സിലാകുന്നില്ലെന്നും പി.കെ. ബഷീർ ‘മാധ്യമ’ത്തോടു പറഞ്ഞു. തുടക്കത്തിലേയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ഭാവി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട മറ്റു വകുപ്പു മന്ത്രിമാരെയും കൂട്ടി വിശദമായ ചർച്ച നടത്തുമെന്നും ബഷീർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു പദ്ധതിക്ക് അനുമതി തേടുന്നതിനു മുമ്പ് വയനാടിന്റെ സാഹചര്യം നാം പഠിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം തുടർന്നു. അത്തരത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ല. നടന്നിരുന്നുവെങ്കിൽ ഇത്തരമൊരു പ്രവൃത്തിക്ക് അനുമതി നൽകുകയുമില്ല. മേപ്പാടി മേഖലയിൽ മഴ കനത്താലുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും തുരങ്ക പാതയുണ്ടാക്കാൻ ആലോചിക്കുമ്പോൾ തന്നെ മുൻകൂട്ടി കാണേണ്ടതായിരുന്നു.
വയനാടിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം, മണ്ണ് നീക്കം ചെയ്യാതെ കിടക്കുന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുരങ്കപാത മൂലം ഇല്ലാതാകുന്ന ആനത്താരക്കുപകരം മറ്റൊരു ആനത്താരയുണ്ടാക്കുന്നത് ചർച്ച ചെയ്യാൻ കൂടിയായിരുന്നു യോഗം. ചെങ്കുത്തായ മല തുരന്നെടുത്ത മണ്ണ് എടുത്തുമാറ്റണമെന്ന് പറഞ്ഞപ്പോൾ തങ്ങൾക്കുതന്നെ മണ്ണ് ആവശ്യമുണ്ടെന്നാണ് കൊങ്കൺ റെയിൽവേ മറുപടി നൽകിയത്. അതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷനൽ സെക്രട്ടറി വിനോദ് എന്നിവരെ ചീഫ് എൻജിനീയർക്കൊപ്പം മേപ്പാടി കള്ളാടിയിലേക്ക് അയച്ചത്. അപകടസ്ഥിതി മനസ്സിലാക്കി നിർമാണം നിർത്തിവെക്കാനും പരിസരത്തുള്ള വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി. എന്നിട്ടും നിർമാണ സ്ഥലത്ത് അവശേഷിച്ച കരാർ കമ്പനിയുടെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മേപ്പാടി ഭാഗത്തെ ദുർബലമായ മണ്ണ് ഇത്തരമൊരു തുരങ്ക നിർമാണത്തിന് യോജിച്ചതല്ലെന്ന് ജൂൺ 25ന് പൊതുമരാമത്ത് അഡീഷനൽ സെക്രട്ടറിക്കും ചീഫ് എൻജിനീയർക്കുമൊപ്പം കള്ളാടി സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. അതുകൊണ്ടാണ് പദ്ധതിക്ക് പല ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: വയനാട്ടിലെ കള്ളാടി മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പൂർണ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പ് നൽകിയ നിർദേശം അവഗണിച്ച കൊങ്കൺ റെയിൽവേക്കാണെന്നും മറ്റൊരു കമ്പനിക്ക് കരാർ നൽകിയ നിർമാണ പ്രവൃത്തിയുടെ മേൽനോട്ടവും അവർക്കായിരുന്നുവെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
എന്നിട്ടും മൂന്നുതവണ യോഗം വിളിക്കുകയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയും കള്ളാടി സന്ദർശിക്കുകയും ചെയ്തിരുന്നു. നിർമാണ പ്രവൃത്തി നിർത്തിവെക്കാനും പരിസരത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. നിർമാണ പ്രവൃത്തി നിർത്തിവെച്ചില്ലായിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു.
കേരളത്തിലെ വിവിധ പദ്ധതികൾക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ കാണാൻ ഡൽഹിയിലെത്തിയതിനിടയിലുണ്ടായ കള്ളാടി ദുരന്തത്തെ കുറിച്ച് ‘മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു മന്ത്രി പി.കെ. ബഷീർ. നിർമാണത്തിലും ടെൻഡറിലും പ്രവൃത്തിയിലും പൊതുമരാമത്ത് വകുപ്പിന് ഒരു തരത്തിലുള്ള പ്രാതിനിധ്യവും നൽകാതെയാണ് വയനാട് തുരങ്കപാത ഇടതുമുന്നണി സർക്കാർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബഷീർ തുടർന്നു. ഫണ്ടിങ്ങിന് കിഫ്ബിയുമായുള്ള കരാറുണ്ടാക്കിയതും തുരങ്ക നിർമാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്തതും പ്രവൃത്തി കരാറുകാരെ ഏൽപിച്ചതുമെല്ലാം കൊങ്കൺ റെയിൽവേ ലിമിറ്റഡ് ആണ്. അതിനാൽ തന്നെ പ്രവൃത്തിയുടെ മേൽനോട്ട ചുമതലയും കൊങ്കൺ റെയിൽവേക്കായിരുന്നു. എന്നിട്ടും വയനാടിന്റെയും മേപ്പാടിയുടെയും സാഹചര്യം അറിയുന്നതുകൊണ്ടാണ് മൂന്നുതവണ യോഗം വിളിച്ചതെന്ന് ബഷീർ തുടർന്നു.
ജൂൺ 10ന് വിളിച്ചുചേർത്ത യോഗത്തിൽ കൊങ്കൺ റെയിൽവേയുടെ ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. തുടർന്നാണ് ജൂൺ 25ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷനൽ സെക്രട്ടറി വിനോദ്, ചീഫ് എൻജിനീയർ എന്നിവർ കള്ളാടി സന്ദർശിച്ചത്. തുടർന്ന് മണ്ണ് കൂട്ടിയിട്ടത് അപകടമുണ്ടാക്കുമെന്നു കണ്ട് നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ ഉത്തരവിട്ടുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.