പ്രതീകാത്മക ചിത്രം
കാസർകോട്: സ്കൂൾ വിദ്യാർഥികളെ അച്ചടക്കം, മൂല്യബോധം, നേതൃപാടവം എന്നിവയിലേക്ക് നയിക്കുന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) വിൽപനക്ക്. സർക്കാറിലേക്ക് അഞ്ചുലക്ഷം രൂപ കെട്ടിവെച്ചാൽ മാത്രമേ പദ്ധതി സ്കൂളുകൾക്ക് ലഭിക്കുകയുള്ളൂ. ഇതിനായുള്ള നിർദേശവും പ്രത്യേക സത്യവാങ്മൂലവും സ്കൂളുകൾക്ക് ലഭിച്ചു. നിലവിൽ എസ്.പി.സിയുള്ള സ്കൂളുകൾക്ക് ഇതുബാധകമല്ല. എന്നാൽ, പുതിയ ബാച്ചുകൾ വരുമ്പോൾ സ്ഥിതി മാറിയേക്കും. ഇത്തവണ സംസ്ഥാനത്ത് 500 സ്കൂളുകളിൽകൂടി പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു.
തുടർന്ന് ആവശ്യമായ സ്കൂളുകൾ അപേക്ഷ സമർപ്പിച്ച ശേഷം അഞ്ചുലക്ഷം രൂപ കെട്ടിവെക്കാൻ തയാറാണെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ സർക്കാർ സ്കൂളുകൾ പിൻമാറി. സാമ്പത്തിക ശേഷിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് മാത്രം എസ്.പി.സി നടപ്പാക്കാനാകുകയും ചെയ്യും. യൂനിഫോം, ലഘുഭക്ഷണം, കാമ്പ്, ഓഫിസ് ചെലവ്, അധ്യാപകർക്കും പരിശീലകർക്കുമുള്ള പ്രതിഫലം, ശിൽപശാല എന്നിവയുടെ ചെലവാണ് അഞ്ചുലക്ഷം. എസ്.പി.സിയുടെ പൂർണ ചെലവ് അതത് സ്കൂളുകൾ വഹിക്കണമെന്നാണ് സർക്കാർ നിർദേശം.
എസ്.പി.സി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അതിൽ എ പ്ലസ് ലഭിച്ചാൽ സംസ്ഥാനത്തെ യൂനിഫോം ജോലികളിൽ അഞ്ചുമാർക്ക് ഗ്രേസ് ലഭിക്കും. പൊലീസ്, എക്സൈസ്, വനം, അഗ്നിരക്ഷസേന എന്നിവയിലേക്ക് എസ്.പി.സി കാഡറ്റുകൾക്ക് വഴി എളുപ്പമാണ്. പാവപ്പെട്ട കുട്ടികൾ ഏറെ പഠിക്കുന്ന സർക്കാർ സ്കൂളുകൾ പദ്ധതിയിൽനിന്ന് പിന്മാറിയാൽ നഷ്ടം വലുതാണ്.
സംസ്ഥാനത്ത് ഇപ്പോൾ 1048 സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. 50 ശതമാനം വർധിപ്പിച്ച് ഇവയുടെ എണ്ണം 1558 ആയി ഉയർത്തുകയാണ് ചെയ്യുന്നത്. 25 കോടി രൂപയാണ് സർക്കാർ ഇതിലൂടെ സമാഹരിക്കുന്നത്. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് മുന്നോട്ടുള്ള വഴിയിൽ പ്രധാന നാഴികക്കല്ലാണ് എസ്.പി.സി. അഞ്ചുലക്ഷം കെട്ടിവെക്കാൻ ആവശ്യപ്പെട്ടതിനാൽ പിന്മാറേണ്ട സ്ഥിതിയാണ് മുന്നിലുള്ളതെന്ന് രാവണേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.