വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മറുഭാഗത്തെ പ്രദേശത്തു
കുടുങ്ങിയവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു
കള്ളാടി (വയനാട്): കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ വയനാട്ടിലെ ആരംഭ ഭാഗം വരുന്ന മേപ്പാടിയിലെ മീനാക്ഷിയിൽ ചൊവ്വാഴ്ചയുണ്ടായത് മനുഷ്യനിർമിത ദുരന്തം. 2024 ജൂലൈ 30ന് മുണ്ടക്കൈ ഉരുൾദുരന്തമുണ്ടായ മേഖലയിലൂടെയാണ് തുരങ്കപാത വരുന്നതെന്നും ഇത് വൻപ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നും പരിസ്ഥിതി പ്രവർത്തകരും ഈ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിരുന്നെങ്കിലും പിണറായി സർക്കാർ ഒന്നിനും കൃത്യമായ മറുപടി നൽകിയില്ല.
യു.ഡി.എഫ് സർക്കാർ വന്ന ശേഷം നാട്ടുകാരടക്കം ആശങ്ക അറിയിച്ചിട്ടും ഒന്നിനും പരിഹാരമുണ്ടായില്ല. ഇടതുസർക്കാർ കൊട്ടിഘോഷിച്ചാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം 2025 ആഗസ്റ്റ് 31ന് നടത്തിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമാണച്ചുമതല. വികസനത്തിന്റെ അന്തിമവാക്ക് എന്ന രൂപത്തിലായിരുന്നു പ്രചാരണം.
കൂട്ടിയിട്ട മണ്ണല്ല; ഇടിഞ്ഞത് മല തന്നെ
തുരങ്കനിർമാണത്തിനായി തുരക്കാനിരിക്കുന്ന മീനാക്ഷിമലയുടെ ഒരു ഭാഗമാണ് ചൊവ്വാഴ്ച കനത്ത മഴയിൽ ഇടിഞ്ഞത്. കൂമ്പാരമായി ഇട്ട മണ്ണിന്റെ അപ്പുറത്തെ മീനാക്ഷി മലയുടെ ഒരു ഭാഗം ഇടിയുകയായിരുന്നു. മലയിൽ നിന്ന് അടർത്തി ഭീമൻ കൂമ്പാരമായി ഇട്ട മണ്ണ് ചെറിയ മഴയത്ത് പോലും റോഡിലേക്കും കള്ളാടി പുഴയിലേക്കും ഒലിച്ചിറങ്ങിയിരുന്നു. ഇത് ഒഴിവാക്കാനുള്ള നടപടികളുണ്ടായില്ല.
എടുത്ത മണ്ണ് അവിടെ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇതിനടുത്ത് തന്നെ മൂന്ന് വീടുകളും ചെറിയ നമസ്കാരപള്ളിയുമുണ്ടായിരുന്നു. കുത്തിയൊലിച്ചുവന്ന മലയുടെ അവശിഷ്ടങ്ങൾ താഴെയുള്ള മൺകൂമ്പാരത്തോടൊപ്പം ഒഴുകി മേപ്പാടി-ചൂരൽമല റോഡിലേക്കും സമീപത്തെ വീടിലേക്കും കുത്തിയൊലിച്ചെത്തുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതോടെ ജില്ല ഭരണകൂടം നിർമാണകമ്പനിയോട് മൺകൂന മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള നടപടിയുണ്ടായില്ല.
ആശങ്കക്ക് മറുപടിയില്ലാതെ തുരങ്കപാത നിർമാണം
298 പേർ മരിച്ച ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലൂടെയാണ് ഭൂമി തുരന്നുള്ള പാത നിർമാണം. മേപ്പാടി-ചൂരൽമല റോഡിൽ ആറു കിലോ മീറ്റർ അപ്പുറത്തുള്ള മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട് ജില്ലയിലെ തുടക്കം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടി കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. കോഴിക്കോട് ജില്ലയിൽ 3.15 കി.മീറ്ററും വയനാട് ജില്ലയിൽ 5.58 കി.മീറ്ററുമാണുള്ളത്.
നിലവിൽ വയനാട് ചുരം മണ്ണിടിച്ചിൽ പ്രതിസന്ധിയാൽ വലയുമ്പോഴും വനപാതയായതിനാല്‍ ചുരം റോഡിന്റെ വീതി കൂട്ടലിന് പരിമിതിയുള്ളതിനാൽ ബദൽപാതയെന്ന നിലക്ക് തുരങ്കപാത സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. പാത വന്നാൽ ആനക്കാംപൊയിലില്‍നിന്ന് 16 കി.മീറ്ററിൽ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. കര്‍ണാടകയിലേക്കുള്ള ദൂരവും കുറയും. റോഡ് നിർമാണത്തിന് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു.
എന്നാൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെ സാധ്യതാപട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് തുരങ്കപാതയെന്നും മതിയായ പഠനങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് പ്രധാന വിമർശനം. 2024 മേയ് 25ന് പദ്ധതിപ്രദേശം സന്ദർശിച്ച സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിരവധി ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. നീരൊഴുക്ക്, ഭൂചലന സാധ്യത, തുരങ്കത്തിനായി നടത്തുന്ന പാറപൊട്ടിക്കലിന്റെ ഫലമായി ഭൂമി അസ്ഥിരമാകല്‍ എന്നിവ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതിലോല വില്ലേജുകളാണ്. പദ്ധതിയുടെ 5.76 കിലോമീറ്റർ കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്. ആദിവാസി വാസകേന്ദ്രമായ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. പാത അവസാനിക്കുന്ന മീനാക്ഷി ക്ഷേത്രത്തിനടുത്താണ് 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല. നിരവധിപേരുടെ ജീവനെടുത്ത 1984ലെയും 2019ലെയും മുണ്ടക്കൈ ഉരുൾപൊട്ടൽ, 1962ലെയും 1996ലെയും ചെമ്പ്ര ഉരുൾപൊട്ടൽ എന്നിവ നടന്ന പ്രദേശത്തിനടുത്തുകൂടിയാണ് തുരങ്കപാത വരുക. വെള്ളരിമല, ചേമ്പ്രമല എന്നിവ ഉരുള്‍പൊട്ടല്‍ സാധ്യതകളും ‘സോയില്‍ പൈപ്പിങ്’ പോലുള്ള പ്രതിഭാസങ്ങളും നിലനില്‍ക്കുന്ന മേഖലയാണ്. ആനത്താരകള്‍ ഉള്‍പ്പെടുന്ന 17.26 ഹെക്ടര്‍ വനഭൂമിക്കിടയിലൂടെയാണ് തുരങ്കം കടന്നുപോകുക. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾക്കൊന്നും വിശദീകരണം നൽകാതെയായിരുന്നു നിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.