വണ്ടൂരിലേത്​ ഹിറ്റ്ലർ ചെയ്‌ത കാര്യങ്ങൾക്ക് സമാനം; കൊലവിളി നടത്തുന്നവർക്ക് ഉളുപ്പ് വേണം -ഷിബു ബേബിജോൺ

കൊല്ലം: മീഡിയവൺ മാനേജിങ്​ എഡിറ്റർ സി. ദാവൂദിന്‍റെ കൈവെട്ടും എന്ന് സി.പി.എം വണ്ടൂരിൽ മുദ്രാവാക്യം വിളിച്ചത്​ ഹിറ്റ്ലർ ചെയ്‌ത കാര്യങ്ങൾക്ക് സമാനമാണെന്ന്​ ആർ.എസ്​.പി നേതാവ്​ ഷിബു ബേബി ജോൺ. ജനാധിപത്യക്രമത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നവർക്ക് ഉളുപ്പ് വേണം. മാധ്യമപ്രവർത്തകരുടെ കൈവെട്ടും കാലുവെട്ടും എന്നുപറയുന്നത് ഭീരുത്വമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സി.പി.എം കേരളത്തിൽ ചെയ്യുന്നത്. എല്ലാ ഏകാധിപതികളുടെയും രീതിയിതാണ്. അവരുടെയൊക്കെ പതനവും ലോകം കണ്ടു. പിണറായിസവും മോദിസവും സമാനമായി പോകുന്നതാണന്നും ഷിബു പറഞ്ഞു.

സി. ദാവൂദ്​ തെറ്റായ പ്രചാരണം നടത്തിയെങ്കിൽ നിയമപരമായി നേരിടണം. മീഡിയവണ്ണിനെ മോദി നിരോധിച്ചു, ഒരു പടികൂടി കടന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.

മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.

'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം. എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ് ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.

Tags:    
News Summary - Shibu Baby John strongly criticized the CPM's Death Threat Against C. Dawood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.